കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിഷപ്പിനോട് ചോദിക്കുവാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.
ബുധനാഴ്ച ഏഴു മണിക്കൂറിലേറെയാണ് തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ ബിഷപ്പിനെ ചോദ്യം ചെയ്തത്. അന്വേഷണ സംഘം 150ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. അറസ്റ്റിനെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ടോടെ തീരുമാനമുണ്ടായേക്കും. ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ബിഷപ്പിന്റെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.