നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളമിറങ്ങി. റണ്‍വേയിലും ഓപ്പറേഷന് ബേയിലും ഇപ്പോള്‍ വെള്ളമില്ല. വിമാനത്താവള കെട്ടിടങ്ങളില്‍ അടിഞ്ഞ് കൂടിയ ചെളി കോരി മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ നൂറുകണക്കിന് ജീവനക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആഗസ്ത് 26 വരെ നിര്‍ത്തിവെച്ച വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം എന്ന് പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടില്ല.
ജലം ഒഴിഞ്ഞുപോയെങ്കിലും സങ്കീര്‍ണമായ അസംഖ്യം ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനം പുനമാരംഭിക്കാന് കൂടുതല്‍ സമയമെടുക്കും. ഇതിന് പുറമെ എല്ലാ സംവിധാനങ്ങളും പുനര്ക്രമികരിച്ചാല് തന്നെ വ്യോമമന്ത്രാലയത്തിന്റെ ടെക്നിക്കല്‍ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ, വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ കഴിയൂ. കേരളത്തിലെ വിമാനയാത്രക്കാരില്‍ 60 ശതമാനത്തിലേറെ പേര് സഞ്ചരിക്കുന്നത് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ്. രാജ്യത്തെ നാലാമത്തെ വലിയ ഈ വിമാനത്താവളത്തില്‍ നിന്ന് 2017-18 കാലയളവില്‍ 68,898 ഫ്ളൈറ്റുകള്‍ മുഖേന 10.2 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചിരിക്കുന്നത്. രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ടെര്‍മിനലിലേക്കാണ് പെരിയാറില്‍ നിന്ന് വെള്ളം ഇരച്ചെത്തി രണ്ടാം നില വരെ മുങ്ങിത്താഴ്ന്നത്.