Latest News

കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് കേന്ദ്രത്തിന് രാഹുല്‍ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അടിയന്തരസഹായം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

ഓഖി ദുരന്തത്തില്‍ നിന്ന് കരകയറാത്ത ജനതയെ പ്രളയം കൂടുതല്‍ ദുരന്തത്തിലാക്കും. ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കാന്‍ അടിയന്തര ധനസഹായം നല്‍കണമെന്നും രാഹുല്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഈ വിഷയം രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് അദ്ദേഹം ട്വീറ്റില്‍ ആഹ്വാനം ചെയ്തിരുന്നു.

കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട പ്രധാനമന്ത്രി,

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും വലിയ തോതിലുള്ള മണ്ണിടിച്ചിലുമെല്ലാം കേരളത്തില്‍ കനത്ത നാശനഷ്ടമാണു വരുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തമായ ഈ പ്രകൃതി ക്ഷോഭത്തില്‍ ഒട്ടേറെപ്പേര്‍ക്കു ജീവന്‍ നഷ്ടമായി, വലിയ തോതിലുള്ള സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ പ്രകൃതി ക്ഷോഭങ്ങളില്‍ മാത്രം 150 പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മാത്രം 25 പേരാണു മരിച്ചത്. സംസ്ഥാനത്തെ മലയോര, തീരദേശ ജില്ലകളായ ഇടുക്കി, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണു കാര്യമായ നാശനഷ്ടമുണ്ടായത്.

കനത്ത മഴയെത്തുടര്‍ന്നു സംസ്ഥാനത്തെ 24 അണക്കെട്ടുകളാണു തുറന്നുവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ്. സംസ്ഥാനത്തെ മല്‍സ്യബന്ധന മേഖലയെയും പ്രകൃതിക്ഷോഭം കാര്യമായി ബാധിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് തീര്‍ത്ത ദുരിതത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിലെ മല്‍സ്യബന്ധന മേഖലയ്ക്ക്, ഇപ്പോഴത്തെ പ്രകൃതിക്ഷോഭം താങ്ങാവുന്നതിലും അധികമാണ്. ആയിരക്കണക്കിനു ഹെക്ടര്‍ കൃഷിഭൂമിയാണു വെള്ളത്തിനടിയിലായത്.

അടിയന്തര പൊതു ഉപയോഗ സംവിധാനങ്ങളായ റോഡുകളും വൈദ്യുതി സംവിധാനങ്ങളും തകര്‍ന്നതു പുനരധിവാസ നടപടികള്‍ അനന്തമായി നീളുന്നതിനു കാരണമാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേ മതിയാകൂ.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ നടപടികളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ലോഭ സഹകരണമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. പ്രതിസന്ധിയോടു കാര്യക്ഷമമായും ക്രിയാത്മകമായും പ്രതികരിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും കേരളത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

രാഹുല്‍ ഗാന്ധി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top