ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സീസണിലെ ആദ്യ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.
എഴുപതാം സെക്കന്‍ഡില്‍ പോള്‍ പോഗ്ബെ നേടിയ പെനാല്‍റ്റി കിക്കോടെ മഞ്ചസ്റ്റര്‍ അക്കൗണ്ട് തുറന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ആദ്യപകുതിയില്‍ ലെസ്റ്റര്‍ സിറ്റിയുടെ ആധിപത്യമായിരുന്നു. ആദ്യ പകുതിയില്‍ മഞ്ചസ്റ്ററിന് കാര്യമായ നീക്കങ്ങളൊന്നും നടത്താനായില്ലെങ്കിലും രണ്ടാം പകുതിയിലെ നീക്കങ്ങള്‍ ഫലം കണ്ടു. ലൂക്ക് ഷായിലൂടെ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍.
ഇഞ്ച്വറി സമയത്ത് പകരക്കാരനായെത്തിയ ജെയ്മി വാര്‍ഡി ലെസ്റ്ററിനായി ഒരു ഗോള്‍ നേടി തോല്‍വിയുടെ ആഘാതം കുറച്ചു. ആദ്യകളിയില്‍ തന്നെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി മഞ്ചസ്റ്റര്‍ ലീഗില്‍ ആധിപത്യമുറപ്പിച്ചിരിക്കുകയാണ്.
പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ടോട്ടനം ന്യൂ കാസിലിനെയും ചെല്‍സി ഹഡേഴ്സ്ഫീഡിനെയും നേരിടും.