കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ജോബ് മാത്യുവിന് ജാമ്യം. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് വിചാരക്കോടതിയില്‍ സമര്‍പ്പിക്കണം. ആഴ്ച്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ഇരയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞു. നേരത്തെ, കേസിലെ മൂന്നാം പ്രതിയായ ഫാദര്‍ ജോണ്സണ് വി മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജോബ് മാത്യുവിന് മുന്‍പാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്പസരിച്ചത്. ഈ കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. ഇതിനിടെ കേസിലെ മുഖ്യപ്രതിയായ ഫാ.അബ്രഹം വര്‍ഗീസ് യുവതിയെ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ആഴ്ച്ചകളായി ഒളിവില്‍ കഴിയുന്ന വൈദികന് താന്‍ കുറ്റക്കാരനല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും വിഡിയോയില്‍ പറഞ്ഞിരുന്നു. ഹര്‍ജി തീര്‍പ്പാകുന്നത് വരെ വൈദികരുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വൈദികനെ പിടികൂടാന്‍ അന്വേഷണം ആരംഭിക്കാത്തത്.