വയനാട് മേപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മുണ്ടക്കൈ മേഖലയിലാണ് മാവോയിസ്റ്റുകളെത്തിയതായി വിവരം ലഭിച്ചത്. എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. കഴിഞ്ഞ ദിവസം ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയതിനു പിന്നാലെയാണ് തണ്ടര്‍ബോള്‍ട്ടും പോലീസും തിരച്ചില്‍ തുടങ്ങിയത്.
ബന്ദികളാക്കിയ മൂന്ന് തൊഴിലാളികളും മാവോയിസ്റ്റുകളുടെ പിടിയില്‍ നിന്നും രക്ഷപെട്ടിരുന്നു. മൂവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി മേഖലയില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ നടത്തുന്നത്. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് തങ്ങളെ തട്ടിക്കൊണ്ട് പോയതെന്നാണ് തൊഴിലാളികള്‍ നല്കിയ മൊഴി. നിലമ്പൂര്‍ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്ന വിവരത്തെ തുടര്‍ന്ന് വനമേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.