Breaking News

മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടരുന്നു

വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ട് സംഘവും നടത്തുന്ന തെരച്ചില്‍ തുടരുന്നു. ഇന്നലെയാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ബന്ദിയാക്കിയത്. കള്ളാടിയിലെ തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളാണ് ആയുധധാരികളായ മാവോയിസ്റ്റുകളുടെ തടങ്കലിലായത്.

തടങ്കലിലായ തൊഴിലാളികളില്‍ രണ്ടുപേര്‍ രാത്രിയോടെ തന്നെ രക്ഷപെട്ട് പോലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടുളള നീക്കമാണോ എന്ന് സംശയിച്ച് രാത്രി തന്നെ പോലീസ് തിരച്ചില്‍ തുടങ്ങിയിരുന്നില്ല. രാവിലെ തിരച്ചില്‍ തുടങ്ങാനിരിക്കെയാണ് മൂന്നാമത്തെ തൊഴിലാളിയും തിരിച്ചെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരംഒരു സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘമാണ് തൊഴിലാളികളെ ബന്ധികളാക്കിയതെന്നാണ് രക്ഷപ്പെട്ടെത്തിയ ഒരു തൊഴിലാളി പൊലീസിന് മൊഴി നല്‍കിയത്. മൂന്ന് തൊഴിലാളികളെയും പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയി വിശദവിവരങ്ങള്‍ ചോദിച്ചറിയുകയാണ്. ഇവര്‍ നല്‍കുന്ന മൊഴികളിലും വൈരുദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ വനത്തിലുള്ളത് മാവോയിസ്റ്റുകളാണോ മറ്റേതെങ്കിലും സംഘമാണോ എന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്.

പോലീസും തണ്ടര്‍ബോള്‍ട്ടുമാണ് വനത്തില്‍ തിരച്ചില്‍ നടത്തുന്നത്. വയനാട് മേപ്പാടിയിലും കോഴിക്കോട് ആനക്കാംപൊയിലും കേന്ദ്രീകരിച്ചാണ് അന്വേഷണം. തൊഴിലാളികളെ ബന്ദികളാക്കിയവരില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉളളതായാണ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആയുധപരിശീലനം നേടിയ മാവോയിസ്റ്റുകളില്‍ നിന്നും ഇവര്‍ക്ക് രക്ഷപെട്ട് വരിക എളുപ്പമല്ലെന്ന് വ്യക്തമാണ്. അങ്ങനെയെങ്കില്‍ തൊഴിലാളികളെ ബന്ദികളാക്കി പെട്ടെന്ന് തന്നെ വിട്ടയച്ചത് എന്തിനാണെന്നാണ് ഉയരുന്ന സംശയം. ഇതുവഴി മറ്റെന്തെങ്കിലും ആശയം പ്രചരിപ്പിക്കുകയാണോ മാവോയിസ്റ്റുകളുടെ ലക്ഷ്യമെന്നും പോലീസ് സംശയിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top