Breaking News

മോഹന്‍ലാലിന്റെ നിലപാട് പ്രതീക്ഷകള്‍ക്ക് വിപരീതവും നിരാശാജനകവുമെന്ന് ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടയായ എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ച നിലപാട് തങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യുസിസി. രാജി വച്ച നാല് നടിമാരും രാജിക്കത്ത് ഇമെയില്‍ വഴി എ.എം.എം.എയുടെ ഒഫീഷ്യല്‍ ഇമെയില്‍ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണെന്നും ഫെയ്‌സി ബുക്കിലൂടെ ഡബ്ല്യുസിസി വ്യക്തമാക്കി. ഇനി നടക്കാനിരിക്കുന്ന ചര്‍ച്ച പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഡബ്ല്യുസിസി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം A.M.M.A പ്രസിഡന്റ് നടത്തിയ വാർത്താ സമ്മേളനം ഞങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നു. ഈ വിഷയത്തോടുള്ള സമീപനം തന്നെ അടിസ്ഥാനപരമായ ചില പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

  1. കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങൾ, ഈ വിഷയത്തിൽ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാർമ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തിൽ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്നമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണ് . കുറ്റാരോപിതനെ തിരിച്ചെടുക്കാൻ ആലോചിക്കുമ്പോൾ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയിൽ തുടരുന്നതിലെ പ്രശ്നം അവിടെയുള്ളവർ കണക്കിലെടുക്കാത്തത് ഖേദകരമാണ് .
  2. നടി പരാതി എഴുതി നല്കിയില്ലല്ലോ എന്ന് പറയുമ്പോൾ ഞങ്ങളുടെ സുഹൃത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. തനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കപ്പെടുന്നുണ്ട് എന്ന കാര്യം ശ്രീ. ഇടവേള ബാബുവിനെ അറിയിക്കുകയും അദ്ദേഹം അപ്പോൾ തന്നെ ഫോണിൽ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ച ശേഷം അത് ഞങ്ങളുടെ സുഹൃത്തിന്റെ തോന്നൽ മാത്രമാണെന്ന് എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അതിക്രമമുണ്ടായ ശേഷം ഈ പെൺകുട്ടി വീണ്ടും ശ്രീ.ബാബുവിനെ ഫോണിൽ വിളിക്കുകയും തന്റെ കൂടെ നില്ക്കണമെന്നും തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടപ്പോൾ ‘ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്’ ‘എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാൻ ആവശ്യപ്പെട്ടതായി അറിവില്ല.
  3. അവളോടൊപ്പം രാജി വച്ച WCC അംഗങ്ങൾ, രാജി വച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയിൽ വഴി നാലുപേരും A.M.M.A യുടെ ഒഫീഷ്യൽ ഇമെയിൽ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണ് .
  4. A.M.M.A ജനറൽ ബോഡിയിൽ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് സമ്മേളനത്തിൽ പറഞ്ഞത് . അത്തരമൊരു വിഷയം അജണ്ടയിൽ ഇല്ലായിരുന്നു എന്നാണു ഞങ്ങൾക്കറിയാൻ സാധിച്ചത് .

വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകൾ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളിൽ നടക്കേണ്ട സംവാദങ്ങളിലും ഞങ്ങൾക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചർച്ചയെയും ഞങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുപാട് വൈകിപ്പിക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഒരു അടിയന്തര ചർച്ചക്കുള്ള തിയതി ഞങ്ങളെ ഉടൻ അറിയിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top