ഉപ്പും മുളകും പരമ്പരയുടെ സംവിധായകന് ആര് ഉണ്ണികൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് ഫ്ളവേഴ്സ് ചാനല്‍ മാറ്റി. ഇനി മുതലുള്ള എപ്പിസോഡുകള്‍ പുതിയ സംവിധായകന്റെ ചുമതലയിലാവും സംപ്രേക്ഷണം ചെയ്യുക. ഇന്നലെ ഫ്ളവേഴ്സ് ടിവിയില്‍ ഉപ്പും മുളകിന്റെ പഴയ എപ്പിസോഡാണ് കാണിച്ചത്.
ഉപ്പും മുളകിന്റെ സംവിധായകന് മോശമായി പെരുമാറിയെന്ന് നായികയായ നിഷാ സാരംഗ് റിപ്പോര്‍ട്ടര്‍ ചാനലില്‍ പരസ്യമായി പ്രതികരിക്കുകയും പരാതി നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫ്ളവേഴ്സ് ചാനലിന്റെ തലപ്പത്തുള്ളവര്‍ക്ക് കര്‍ശനമായ നടപടിയെടുക്കേണ്ടി വന്നിരിക്കുന്നത്. സംവിധായകന്റെ കീഴില്‍ തുടര്‍ന്നുള്ള എപ്പിസോഡുകളില്‍ അഭിനയിക്കില്ലെന്ന് നിഷ ഉറപ്പിച്ച് പറഞ്ഞിരുന്നു.
ഇതിനുപുറമേ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ നടി രചനാ നാരായണന്‍കുട്ടിയും രംഗത്തെത്തിയത് സംഗതി കൂടുതല്‍ വഷളാക്കി. മഴവില്‍ മനോരമ ചാനലിലെ മറിമായം സീരിയലിന്റെ സംവിധായകനായിരിക്കെ കഥാപാത്രമായ രചനയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.
മോശം പെരുമാറ്റത്തിന് മഴവില്‍ മനോരമയില്‍ നിന്ന് പുറത്താക്കിയെന്ന് പറയപ്പെടുന്ന സംവിധായകനെ ഫ്ളവേഴ്സ് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സീരിയല്‍ വിജയിപ്പിക്കാന്‍ പ്രത്യേക പ്രതിഭയുള്ള സംവിധായകനെ മലയാളത്തിലെ ചില ചാനലുകള്‍ കണ്ണുവെച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)