Football

കൊച്ചിയില്‍ നിന്നും വേള്‍ഡ് കപ്പിലേക്കൊരു അമ്പരപ്പിക്കും പ്രവചനം

ലോകകപ്പ് ആവേശം കൊടുമ്പിരികൊണ്ടിരിക്കെ മൈതാനത്തിനു പുറത്തു നടക്കുന്ന രസകരമായ കളിയാണ് പ്രവചനം. ആര് തോല്‍ക്കും ആര് കപ്പടിക്കും എന്നിങ്ങനെ നീളും പ്രവചനങ്ങള്‍. ലോകപ്രശസ്തനായിരുന്ന പോള്‍ നീരാളിക്കു ശേഷം കരടിയും പൂച്ചയുമൊക്കെ നിരവധി പ്രവചനങ്ങള്‍ നടത്തി. ഇതില്‍ ചിലതൊക്കെ ചീറ്റിപ്പോയെങ്കിലും ചില പ്രവചനങ്ങള്‍ സത്യമായി തന്നെ ഭവിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിട്ട് ഇവിടെ നമ്മുടെ നാട്ടില്‍ കൊച്ചിക്കാരനായ അര്‍ജുന്‍ ഗുരു എന്ന ഇരുപത്തൊന്നുകാരന്‍ പ്രവചിക്കുകയാണ്, ഈ വേള്‍ഡ് കപ്പ് ആര് സ്വന്തമാക്കും!

പ്രവചനമെന്നു പറഞ്ഞാല്‍ ചുമ്മാതങ്ങ് പറഞ്ഞിട്ടു പോവുകയല്ല. ഇനിയങ്ങോട്ടുളള സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ ആരൊക്കെ വിജയിക്കുമെന്ന് ഒരു കഥ പോലെ കൃത്യമായി എഴുതി വച്ചിട്ടുണ്ട് അര്‍ജുന്‍. ലോകകപ്പ് ജേതാക്കളെക്കുറിച്ചുളള പ്രവചനം സീല്‍ ചെയ്ത് ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോക്കറിന്റെ രഹസ്യനമ്പര്‍ അറിയാകുന്നതാകട്ടെ സ്ഥലം എംഎല്‍എ ഹൈബി ഈഡനും സിനിമസീരിയല്‍ താരം ശരണിനും മാത്രം. തീര്‍ന്നില്ല, ഈ ലോക്കര്‍ എംജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് അര്‍ജുന്‍. ഫൈനലിന് ശേഷം വിശിഷ്ട വ്യക്തികളുടെയും മാധ്യമങ്ങളുടെ മുമ്പില്‍ വച്ച് കവര്‍ തുറക്കും. ലോകകപ്പ് ജേതാക്കള്‍ ആരാണെന്നതിനൊപ്പം ഗോളുകളുടെ എണ്ണം, ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ഗ്ലൗ എന്നിവയും അര്‍ജുന്‍ പ്രവചിച്ചിട്ടുണ്ട്.

സാധാരണ പ്രവചനങ്ങള്‍ മുന്‍കൂട്ടിനടത്തി പരസ്യപ്പെടുത്തുമെങ്കില്‍ ഇവിടെ എന്തിന് രഹസ്യമാക്കി വയ്ക്കുന്നു എന്നതായിരിക്കും മിക്കവരുടെയും സംശയം. എന്നാല്‍ അതിന് അര്‍ജുന് വ്യക്തമായ ഉത്തരമുണ്ട്; പ്രവചമെന്നാല്‍ ചില കാരണങ്ങളെ മുന്‍ നിര്‍ത്തി മനസില്‍ തോന്നുന്നത് മുന്‍കൂട്ടി പറയുന്നതാണ്. അതേസമയം പ്രവചനം ഒരു ഭാഗ്യപരീക്ഷണവുമാണ്. ഫൈനലില്‍ എത്തുന്ന ടീമുകളെ പ്രവചിക്കുന്നതനുസരിച്ചിരിക്കും തന്റെ ബാക്കി പ്രവചനങ്ങളുടെയും ഭാവി. അതുകൊണ്ടാണ് ഒരേസമയം വിശ്വാസയോഗ്യവുമായ ഈ വഴി തിരഞ്ഞെടുത്തതെന്ന് അര്‍ജുന്‍ കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

ചെറുപ്പം മുതലെ മാജിക്ക് പഠിച്ചിരുന്ന അര്‍ജുന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സില്‍ നിന്ന് ബിരുദം നേടിയ ശേഷം മെന്റലിസത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അര്‍ജുന്‍ മെന്റലിസം പരിശീലിക്കുന്നുണ്ട്. വലിയ ഫുട്‌ബോള്‍ ഫാനൊന്നും അല്ലെങ്കിലും പ്രവചനാതീതമായ നിലയിലേക്ക് ലോകകപ്പ് എത്തുന്നതാണ് അര്‍ജുനെ ആകര്‍ഷിച്ചത്. ജൂലൈ 15ന് മോസ്‌കോയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന് ശേഷം അറിയാം അര്‍ജുന്‍ എന്ന ഇരുപത്തൊന്നുകാരന്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുമോ എന്ന്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top