മോസ്കോ: റഷ്യന്‍ ലോകകപ്പിലെ താരരാജാക്കന്മാരെല്ലാം നാട്ടിലേക്ക് മടങ്ങി. സൂര്യ-ചന്ദ്രന്മാര് അസ്തമിച്ചു. ഇതിഹാസങ്ങള്‍ ഓരോന്നായി നിരാശരായി കളം വിടുമ്പോള്‍ താരപ്രഭയില്‍ മങ്ങിപ്പോയ യുവരക്തങ്ങളുടേതാണ് ഈ ലോകകപ്പെന്ന് ഇനി തറപ്പിച്ച് പറയാം.
ഫ്രാന്‍സിന്റെ കുന്തമുനയായ ഒരു ടീനേജുകാരനാണ് റഷ്യന്‍ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. മെസ്സി മങ്ങിയ മത്സരത്തില്‍ തന്നെയായിരുന്നു ഫ്രാന്‍സിന്റെ 19കാരന് കെയ്ലിയന് എംബാപെയുടെ താരപ്പിറവി. യുവതാരങ്ങള്നിറഞ്ഞ ഫ്രാന്‍സിന്റെ രണ്ടാം സുവര്‍ണതലമുറയുടെ വജ്രായുധമാണ് ഈ വേഗമേറിയ സ്ട്രൈക്കര്‍.
1958ല്‍ പെലെക്കുശേഷം ലോകകപ്പിലെ ഒരു കളിയില്‍ രണ്ട് ഗോളടിക്കുന്ന പ്രായംകുറഞ്ഞ താരമായി മാറിയാണ് ഇപ്പോള്‍ എംബാപെ ചരിത്രം തിരുത്തിയത്. 60 വര്‍ഷത്തിനിടെ ഒരു കളിക്കാരനും സാധിക്കാത്ത റെക്കോഡാണ് എംബാപെ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.
ഫ്രഞ്ച് ലീഗിലെ എ.എസ്. മൊണാകോയ്ക്ക് വേണ്ടി 41 കളികളില്‍ 16 ഗോളുകളുമായി ശ്രദ്ധയാകര്‍ഷിച്ച എംബാപെ 2017-18 സീസണില്‍ റെക്കോഡ് തുകക്ക് പി.എസ്.ജിയിലെത്തിയതോടെതാണ് ലോകമറിയുന്ന താരനിരയിലേക്കുയര്ന്നത്. 27 കളികളില്‍ 13 ഗോളുകളുമായി ഫോം നിലനിര്‍ത്തിയ താരം ഫ്രാന്‍സിനായി ഇതിനകം 19 മത്സരങ്ങളില്‍ ഏഴ് ഗോള്‍ സ്കോര്‍ ചെയ്തുകഴിഞ്ഞു.