Entertainment

ശ്വേതാമേനോന് ദിവസം ഒരു ലക്ഷം വീതം, രഞ്ജിനി ഹരിദാസും പേര്‍ളിമാണിയും തൊട്ടുപുറകില്‍ … ശരിക്കും ബിഗ് ബോസില്‍ ചെറിയ കളികളില്ലേയില്ല…

ഹിന്ദിയിലും തമിഴിലും പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനും അവതാരകരായെത്തിയ പരിപാടിയുടെ മലയാളം പതിപ്പില്‍ നടനവിസ്മയം മോഹന്‍ലാലാണ് ബിഗ് ബോസായി എത്തുന്നത്. മലയാളിയുടെ സ്വീകരണമുറിയില്‍ കാല്‍ നൂറ്റാണ്ട് തികയ്ക്കുന്ന ഏഷ്യാനെറ്റിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ബിഗ് ബജറ്റ് പരിപാടി അണിയിച്ചൊരുക്കിയിരിക്കുന്നത്.

” ഇനി ചെറിയ കളികളില്ല, വലിയ കാര്യങ്ങള്‍ മാത്രം ‘ എന്ന ടാഗ്‌ലൈന്‍ പോലെ തന്നെ മലയാളത്തിലെ ഏറ്റവും ചെലവേറിയ ടെലിവിഷന്‍ ഷോയ്ക്കായി 44 കോടിയിലേറെ രൂപയാണ് അണിയറക്കാര്‍ ബജറ്റ് വകയിരുത്തിയിരിക്കുന്നത്. മുംബൈ ഫിലിം സിറ്റിയില്‍ തയ്യാറാക്കിയിരിക്കുന്ന ബിഗ് ബോസിന്റെ സെറ്റിന് മാത്രം എട്ട് കോടിയോളം രൂപയുടെ മുതല്‍മുടക്കുണ്ട്. 12 കോടി രൂപയാണ് നൂറ് ദിവസം നീളുന്ന പരിപാടിയില്‍ ബിഗ്‌ബോസായെത്തുന്ന മോഹന്‍ലാലിന്റെ പ്രതിഫലം.

ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, അതിഥി റായ്, ഹിമ ശങ്കര്‍, ദിവ്യ സന, അരിസ്‌റ്റോ സുരേഷ്, അനൂപ് ചന്ദ്രന്‍, മനോജ് കെ വര്‍മ, ഡേവിഡ് ജോണ്‍, തരികിട സാബു, ദീപന്‍ മുരളി, ശ്രീലക്ഷി ജഗതി ശ്രീകുമാര്‍, ബഷീര്‍ ബാഷി, ശ്രീനിഷ് അരവിന്ദ്, പേര്‍ളി മാണി എന്നീ പതിനാറ് പേരാണ് മത്സരാര്‍ഥികള്‍. ഇതില്‍ ഡേവിഡ് ജോണ്‍ നിലവില്‍ മത്സരത്തില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.

മത്സരാര്‍ഥികളുടെ പ്രതിഫലത്തെപ്പറ്റി പരിപാടി സംപ്രേക്ഷണം ആരംഭിച്ച ദിവസം മുതല്‍ തന്നെ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഓരോരുത്തരുടേയും ജനപ്രീതി കണക്കിലെടുത്താണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നടിയും അവതാരകയുമായ ശ്വേതാ മേനോനാണ് ബിഗ് ബോസിലെ ശമ്പളക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ദിനംപ്രതി 1 ലക്ഷം രൂപ വീതമാണ് ഈ മുന്‍ മിസ് ഇന്ത്യ റണ്ണര്‍ അപ്പിന് ബിഗ് ബോസ് നല്‍കുന്ന പ്രതിഫലം.

രഞ്ജിനി ഹരിദാസും പേര്‍ളി മാണിയും ശ്വേതാ മേനോന് തൊട്ടുപുറകിലുണ്ട്. 80000 രൂപയാണ് രഞ്ജിനിക്ക് ഒരു ദിവസം നല്‍കുന്ന പ്രതിഫലം. പേര്‍ളിമാണിക്ക് 50000 രൂപയും. നടന്‍ അനൂപ് ചന്ദ്രന് ആഴ്ചയില്‍ 5 ലക്ഷം രൂപയാണ് ലഭിക്കുക.

സീരിയലുകളിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രശസ്തയായ അര്‍ച്ചന സുശീലന് ദിവസംതോറും 25000 രൂപയാണ് പ്രതിഫലം. നാടക നടി ഹിമ ശങ്കറിന് 22000 രൂപയും. ദീപന്‍ മുരളി, സാബുമോന്‍, മനോജ് എന്നിവര്‍ക്ക് 20000 രൂപയോളം ഒരു ദിവസത്തെ പ്രതിഫലമായി ലഭിക്കുന്നുണ്ട്. ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയ മനോജ് വര്‍മയ്ക്ക് ആഴ്ചയില്‍ 75000 രൂപയായിരുന്നു ലഭിച്ചിരുന്നത്.

ഓരോ മത്സരാര്‍ത്ഥിയും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. അറുപതോളം റൊബോട്ടിക് ക്യാമറകളാണ് ഇതിനാണ് സജ്ജമാക്കിയിരിക്കുന്നത്. ശുചിമുറിയില്‍ ഒഴികെ മറ്റെല്ലായിടത്തും ക്യാമറകള്‍ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും. മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ടാസ്‌കുകള്‍ ഭംഗിയായി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മുന്നോട്ടുള്ള പോക്ക്. എസ്എംഎസ് വഴിയോ ഓണ്‍ലൈനായോ പ്രേക്ഷകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും അവരെ നൂറു ദിവസം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യാം. കുറഞ്ഞ വോട്ട് ലഭിക്കുന്ന മത്സരാര്‍ത്ഥി പുറത്താകും. പരിപാടിയുടെ നിയമങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കും.

പരിപാടിയുടെ നിയന്ത്രണം മുഴുവന്‍ ‘ബിഗ് ബോസി’ന്റെ കൈയ്യിലായിരിക്കും. ബിഗ് ബോസിനെ കാണാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെ ശബ്ദം മാത്രമേ കേള്‍ക്കൂ. ഇനി ആര്‍ക്കെങ്കിലും ബിഗ് ബോസിനോട് സംസാരിക്കാനുണ്ടെങ്കില്‍, കണ്‍ഫഷന്‍ റൂം ഉണ്ടായിരിക്കും. അവിടെ പോയി മനസു തുറക്കാം.

എന്തായാലും ഇതാദ്യമായാണ് മലയാളിയുടെ മിനിസ്‌ക്രീനില്‍ ഇത്തരത്തിലൊരു ബിഗ് ബജറ്റ് ഷോ എത്തുന്നത്. അവരുടെ പ്രിയപ്പെട്ട ലാലേട്ടന്‍ അവതാരകനായി എത്തുകയും ചെയ്തതോടെ ഇരു കൈയ്യും നീട്ടി ബിഗ് ബോസിനെ സ്വീകരിക്കാന്‍ മലയാളിക്ക് പ്രയാസമേതുമുണ്ടാകില്ല. വിജയകരമായ ഒരാഴ്ച പിന്നിട്ടതോടെ കൂടുതല്‍ ആകാംക്ഷാഭരിതമാവുകയാണ് ഷോ. എന്തായാലും ബാക്കി നമുക്ക് കാത്തിരുന്ന് കാണാം..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top