sunday feature

കായല്‍ക്കരയിലെ ചീനവലക്കുടകള്‍

മാനത്തുയര്‍ന്നു നില്‍ക്കുന്ന വലയിഴകളില്‍ ഒളിഞ്ഞിരിക്കുന്ന പൈതൃക കൊച്ചിയുടെ പാരമ്പര്യം തിരിച്ചറിഞ്ഞ ഒരു പറ്റം ആള്‍ക്കാര്‍ ഇന്നുമവിടെ ചീനവല ഉയര്‍ത്തുന്നുണ്ട്. ദ്രവിച്ചു തുടങ്ങിയ തൂണുകള്‍ പറിച്ചുമാറ്റുന്നതിനു മുമ്പ് ഇന്നലകളെ ഒന്നോര്‍കുന്നത് നന്ന്. കാരണം ഇന്നലെകള്‍ മാത്രമാണ് ഇന്നത്തെ കൊച്ചിയുടെ സമ്പത്ത്

കൊച്ചിയിലെത്തിയാല്‍ ലുലു മാളില്‍ പോകണമെന്നും മെട്രോയില്‍ കയറണമെന്നും കായിക്കാസ് ബിരിയാണി കഴിക്കണമെന്നുമൊക്കെ പറയുന്നവരില്‍ പലരും ഫോര്‍ട്ടകൊച്ചിയിലെ ചീനവലകള്‍ കാണണമെന്ന് നിര്‍ബന്ധം പിടിക്കാറില്ല. അതിലിത്ര രസകരമായിട്ട് എന്താണുളളതെന്നാണ് പലരുടെയും ചോദ്യം! ശരിയാണ്, മരത്തടികളില്‍ ബന്ധിച്ച വല കായലില്‍ മുങ്ങി നിവരുമ്പോള്‍ വലയ്ക്കുളളില്‍ പിടയ്ക്കുന്ന കുറച്ചു മീന്‍. അല്‍പ്പനേരം കണ്ടുനില്‍ക്കാം.. അത്രമാത്രം. ഒരു സെല്‍ഫിക്ക് പോലും സ്‌കോപ്പില്ല..

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചീനവലകള്‍!

രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഇന്ത്യ-ചൈന വാണിജ്യബന്ധത്തിന്റെ കണ്ണിയാണ് കൊച്ചിയിലെ ചീനവലകള്‍. ഡച്ചുകാരാണ് ചൈനയുടെ ഈ പ്രാചീന വലകള്‍ മെഡഗാസ്‌കര്‍ ദ്വീപില്‍ നിന്നും പതിനെട്ടാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ കൊണ്ടുവന്നതെന്നും ഒരും വിഭാഗം ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍ ചീനവലകളുടെ സംരക്ഷണത്തിന് കേരളം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ചൈന നല്‍കുന്നുണ്ട് എന്നതിന് തെളിവായിരുന്നു ഫോര്‍ട്ട്‌കൊച്ചിയിലെ ചീനവല കാണാന്‍ ചൈനീസ് പ്രസിഡന്റ് എത്തുന്നു എന്ന വാര്‍ത്ത. പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ സന്ദര്‍ശനം അന്നുണ്ടായില്ലെങ്കിലും ചീന വലകളുടെ സംരക്ഷണത്തിന് ഒരു വന്‍തുക തന്നെ ചൈന കേരളത്തിന് വാഗ്്ദാനം ചെയ്തിട്ടുണ്ട്.

‘ചലിക്കുന്ന ചരിത്രസ്മാരകം’ എന്നാണ് ചീനവലകളെ വിശേഷിപ്പിക്കാറ്. അദ്ഭുതം നിറഞ്ഞ ചരിത്രസ്മാരകങ്ങള്‍ ലോകത്തെമ്പാടും ഉണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നവ വിരളമാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ഫോര്‍ട്ട്‌കൊച്ചിയിലെ ചീനവലകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇതിനെ മറ്റുളളവയില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം. ഇതേ സവിശേഷത കൊണ്ടാണ് കൊച്ചിയെ കാണാന്‍ ഇവിടെത്തുന്ന ഓരോ സഞ്ചാരിയും ചീനവല തേടി ഫോര്‍ട്ട്‌കൊച്ചിയിലെ കായലോരങ്ങളിലൂടെ നടക്കുന്നത്. എന്നാല്‍ ലോകഭൂപടത്തില്‍ കൊച്ചിയെ അടയാളപ്പെടുത്തുന്ന ചീനവലകള്‍ ഇല്ലാതായാലോ..! നഷ്ടം പലതാണ്.

ചീനവലകളും ടൂറിസവും

കേരളത്തിലെ ടൂറിസം രംഗത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് ചീനവലകള്‍. ടൂറിസം വകുപ്പിന്റെ എല്ലാ പരസ്യങ്ങളിലും ബ്രോഷറുകളിലും ചീനവലയുടെ ചിത്രമുണ്ടാകും. നൂറ്റാണ്ടുകളായി ഈ വലകള്‍ സഞ്ചാരികളെ കൊച്ചിയിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രാന്വേഷകര്‍ കേരളത്തിലേക്ക് വരുമ്പോള്‍ അത് വാട്ടര്‍ മെട്രോയില്‍ കയറാനോ മാളുകള്‍ സന്ദര്‍ശിക്കാനോ അല്ല എന്നു മനസിലാക്കുക. ഭീമാകാരമായ തേക്കിന്‍ കഴകളില്‍ ബന്ധിച്ച വലകള്‍ കായലിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് മീന്‍ വാരുന്ന, കാലങ്ങള്‍ പഴക്കമുളള പ്രവര്‍ത്തനം കാണാനാണ്. എന്നാല്‍ തേക്കിന്‍ കഴകള്‍ക്ക് പകരം ഇരുമ്പ് പൈപ്പുകള്‍ വന്നപ്പോള്‍, ചിത്രം കണ്ട് ചീനവല കാണാനെത്തിയ സഞ്ചാരിയുടെ മുഖത്തുണ്ടായ അതൃപ്തി കേരള ടൂറിസത്തിന് ലഭിച്ച ബ്ലാക്ക് മാര്‍ക്കാണെന്ന് പറയാതിരിക്കാന്‍ വയ്യ.

ചീനവലയുടെ പ്രവര്‍ത്തനം

കാണാന്‍ വലുതായൊന്നുമില്ലെങ്കിലും മുഴുവന്‍ ഫിസിക്‌സാണ് ചീനവല. വലിയ മുള കൊണ്ടുള്ള ചട്ടത്തില്‍ ഘടിപ്പിച്ചിരിക്കുന്ന തൂങ്ങിക്കിടക്കുന്ന വലയാണ് പ്രധാന ഭാഗം. ഒരറ്റത്ത് കെട്ടിയ ഭാരമുള്ള കല്ലിന്റെ സഹായത്തോടെ വെള്ളത്തിലേക്ക് താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യാം. തികച്ചും സന്തുലിനാവസ്ഥയിലാണ് ചീനവലകള്‍ ക്രമീകരിച്ചിരിക്കുന്നത്. 30 സെന്റീമീറ്ററോളം വ്യാസമുള്ള പാറകള്‍ കയറില്‍ നിന്ന് പല ഉയരങ്ങളിലായി തൂക്കിയിട്ടിരിക്കുന്നു. വല ഉയര്‍ത്തുമ്പോള്‍ കല്ലുകള്‍ ഒന്നൊന്നായി കരയിലെ പ്രതലത്തില്‍ വന്നു നില്‍ക്കുന്നു. അങ്ങനെ പാറകളും വലയും തമ്മില്‍ സമതുലനത്തില്‍ നില്‍ക്കുന്നു.

മത്സ്യങ്ങളെ ആകര്‍ഷിക്കാന്‍ രാത്രികാലങ്ങളില്‍ വലയ്ക്കു മുകളില്‍ റാന്തല്‍ വിളക്കുകള്‍ തൂക്കാറുണ്ട്. വലയ്ക്ക് മുകളില്‍ ഭക്ഷണ സാധനങ്ങള്‍ വിതറിയും മത്സ്യങ്ങളെ വലയ്ക്കുളളില്‍ എത്തിക്കും. ഓരോ ചീനവലയെയും അല്പം ആഴത്തില്‍ മാത്രമേ താഴ്ത്താന്‍ കഴിയൂ. അതുകൊണ്ടു തന്നെ വേലിയേറ്റ സമയത്ത് എല്ലാ വലകളും കായലില്‍ താഴ്ത്താന്‍ കഴിയുകയില്ല. പല വലകളും വേലിയേറ്റസമയത്ത് കായലിലെ ജലനിരപ്പ് അനുസരിച്ച് പല സമയത്താണ് പ്രവര്‍ത്തിപ്പിക്കുക. ആറോ ഏഴോ പണിക്കാര്‍ വേണ്ടിവരും വല പ്രവര്‍ത്തിപ്പിക്കാന്‍. കുറച്ചു മത്സ്യങ്ങളും ഞണ്ട്, കൊഞ്ച് തുടങ്ങിയവയും മാത്രമേ ഓരോ കൊയ്ത്തിലും ലഭിക്കുന്നുള്ളൂ. ഇവ വഴിപോക്കര്‍ക്ക് അപ്പോള്‍ തന്നെ വിറ്റു പോവുന്നു. ഇതില്‍ നിന്നും തന്നെ വ്യക്തമാണ് ചീനവല ഒരു വലിയ ബിസിനസ് ആണോ എന്ന്. ഉടമസ്ഥനും തൊഴിലാളികള്‍ക്കും പറയത്തക്ക വരുമാനം ഇതില്‍ നിന്നും ലഭിക്കുന്നില്ല എങ്കില്‍ പോലും തലമുറകളായി കൈമാറി വന്ന പൈതൃക സമ്പത്തിനോടുളള താല്‍പ്പര്യമാണ് പലരെയും ഇന്നും ഇതില്‍ പിടിച്ചു നിര്‍ത്തുന്നത്.

ചീനവലകള്‍ തകര്‍ച്ചയിലേക്കോ..?

കേരളത്തിന്റെ പൈതൃക ഭൂപടത്തിലും ടൂറിസം രംഗത്തും ചീനവലകള്‍ക്കുളള സ്ഥാനം അത്രകണ്ട് വലുതാണ്. എന്നാല്‍ ചീനവലകളുടെ സംരക്ഷണത്തിന് മാറിമാറി വന്ന സര്‍ക്കാരുകള്‍ വേണ്ടതൊന്നും ചെയ്തിട്ടില്ല എന്നത് നിരാശാജനകമാണ്. അതിവേഗ വികസനം കൊച്ചിയെ മാറ്റി മറിക്കുമ്പോള്‍ ഇല്ലാതാകുന്ന, വിലപിടിപ്പുളള പഴമകളില്‍ ഒന്ന് മാത്രമാകുമോ ചീനവലകളും എന്ന ആശങ്കയിലാണ്് ഫോര്‍ട്ട്‌കൊച്ചി നിവാസികള്‍. വലകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നതിന് പുറമെ പുതുതായി വിഭാവനം ചെയ്യുന്ന വാട്ടര്‍ മെട്രോ, അവശേഷിക്കുന്ന ഏതാനും വലകള്‍ക്ക് ഭീഷണിയാകുന്ന സാഹചര്യവും ഉടലെടുക്കുകയാണ്. വാട്ടര്‍ മെട്രോയുടെ ജെട്ടി പണിയാന്‍ പരമ്പരാഗത ചീനവലകള്‍ സ്ഥാപിച്ചിരിക്കുന്ന മാലക്കടവിലെ മൂന്ന് ചീനവലകള്‍ പൊളിച്ചു മാറ്റേണ്ടിവരും. ജലഗതാഗതം കൊച്ചിക്ക് അനുകൂലമാണെന്നിരിക്കെ വാട്ടര്‍ മെട്രോ പോലുളള വികസന പദ്ധതികളോട്് എതിര്‍പ്പില്ല ഇവര്‍ക്ക്. എന്നാല്‍ ഏതാണ്ട് നാല്‍പ്പതോളം കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതാകുമ്പോള്‍ പ്രതിരോധമല്ലാതെ മറ്റൊന്നും ഇവര്‍ക്ക മുന്നിലില്ല.

ജല മെട്രോയുടെ ജെട്ടി പണിയുന്നതിനായി മണ്ണ് പരിശോധന നടത്തുന്നു

‘ഇപ്പോഴത്തെ മെട്രോയിലേതുപോലെയാണ് ടിക്കറ്റെങ്കി ഞങ്ങളാരും അതേ കേറത്തില്ല..! വലയില്‍ നിന്നും മീന്‍ കോരിയെടുക്കുന്നതിനിടെ സ്രാങ്ക് മൈക്കിളേട്ടന്റേതാണ് ചെറുചിരിയോടു കൂടിയ അമര്‍ഷമൊളിപ്പിച്ച കമന്റ്.

ചീനവല നീക്കം ചെയ്തുകൊണ്ടുളള വാട്ടര്‍ മെട്രോ പദ്ധതിയൊന്നും ഞങ്ങള്‍ക്ക് വേണ്ട. എത്ര കുടുംബങ്ങളാണ് പട്ടിണിയാകുന്നത്. കമാലക്കടവിലെ മൂന്നാമത്തെ ചീനവലയുടെ നടത്തിപ്പുകാരന്‍ അബ്ദുള്‍ റഷീദ് പറയുന്നു. പദ്ധതികള്‍ വന്നോട്ടെ പക്ഷെ അത് അന്നം മുടക്കിക്കൊണ്ടാകരുത്.

അബ്ദുള്‍ റഷീദ്‌

വാട്ടര്‍ മെട്രോയുടെ ജെട്ടി പണിയുന്നതിനു മുന്നോടിയായുളള മണ്ണ് പരിശോധന പൂര്‍ത്തിയായി. ഇതിനിടെ മണ്ണ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചീനവല ഉടമസ്ഥരുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് തൊഴിലാളികള്‍.

അമോണിയയും ഫോര്‍മാലിനും തളിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യം ഫോര്‍ട്ട്‌കൊച്ചിയിലെ മത്സ്യവ്യാപാര രംഗത്തും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. മീനില്‍ മുഴുവന്‍ വിഷമാണെന്നൊരു പ്രതീതിയാണിപ്പോള്‍. കായലില്‍ നിന്നും അപ്പോള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തെപ്പോലും സംശയത്തോടെയാണ് ആള്‍ക്കാര്‍ നോക്കുന്നത്. തൊഴിലാളികള്‍ പറയുന്നു.

ഇതിനു പിന്നാലെ കൂനിന്‍നേല്‍ കുരു എന്നപോലെയാണ് ചെറുവളളങ്ങളെയും ട്രോളിംഗ് നിരോധനത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്. ഇതോടെ മത്സ്യതൊഴിലാളികള്‍ക്ക് ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗവും നിലച്ച മട്ടാണ്. ചീനവലകള്‍ നീക്കി വാട്ടര്‍ മെട്രോയുടെ ജെട്ടി പണിയുന്നതോടെ നിലവിലുളള ഏഴ് ചീനവലകളില്‍ മൂന്നെണ്ണവും ഇല്ലാതാകും. ഇതോടെ ചീനവലകൊണ്ട് ജീവിതം നയിക്കുന്ന ഇരുപതോളം തൊഴിലാളി കുടുംബങ്ങളാണ് ഇരുട്ടിലാകുന്നത്. അതോടൊപ്പം കൊച്ചിയുടെ പൈതൃക സമൃദ്ധിയുടെ അടയാളമായ ചീനവലകളെ മായ്ക്കാനോ, മറയ്ക്കാനോ ശ്രമിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top