sunday feature

ആലംബഹീനര്‍ക്കൊരിടമുണ്ടിവിടെ, ആശ്വാസത്തണലൊരുക്കുന്ന ‘അമ്മവീട്’

പ്രീമ സി ബേബി

അമ്മവീട്…പേരില്‍ തന്നെയുണ്ട് സ്‌നേഹവും കരുതലും…കോട്ടയം ജില്ലയിലെ പാമ്പാടി എട്ടാം മൈലിലുമുണ്ട് ഒരു അമ്മവീട്. വാത്സല്യവും പരിചരണവും പങ്കുവെയ്ക്കലും നിറഞ്ഞുനില്‍ക്കുന്നൊരു സ്‌നേഹവീട്. പേരുപോലെ തന്നെ ഒരമ്മയുടെ സ്‌നേഹവും പരിചരണവുമാണ് ഈ അമ്മവീട്ടിലും പകര്‍ന്നുനല്‍കുന്നത്. ആ അമ്മവീട്ടിലാകട്ടെ ഒരു കൂട്ടം അപ്പച്ചന്മാരും അമ്മച്ചിമാരും സഹോദരങ്ങളും. ഉറ്റവരും ഉടയവരുമില്ലാതെ തെരുവില്‍ അലഞ്ഞുനടന്നവരും മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ടവരുമായ ദീപനാളങ്ങളാണവര്‍.

ഗുഡ്‌ന്യൂസ് അമ്മവീടെന്ന സ്‌നേഹഭവനത്തിന് ഒരു അമരക്കാരനുണ്ട്. കാറ്റിലും കോളിലും ഉലയാതെ, തകര്‍ന്ന മനസ്സുകള്‍ക്ക് പുഞ്ചിരിയുടെ സാന്ത്വനമേകി മുന്നോട്ടുനയിക്കുന്നൊരു സ്‌നേഹസ്പര്‍ശം. ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍. അച്ചന്റെ ജീവിതാനുഭവങ്ങളും കണ്ണുകളിലെ തീക്ഷ്ണതയും അമ്മവീടിന് ജീവന്‍ പകര്‍ന്നു. കാത്തോലിക്ക സഭയിലെ ഹൊറാള്‍ഡ്‌സ് ഓഫ് ഗുഡ്‌ന്യൂസ് സഭയുടെ കീഴിലുള്ള ‘ഗുഡ്‌ന്യൂസ് അമ്മവീട്’ എല്ലാ അര്‍ത്ഥത്തിലും ഒരു അമ്മവീടെന്ന അഭയകേന്ദ്രമായതിന് പിന്നില്‍ അച്ചന്റെ അക്ഷീണ പരിശ്രമവും സഹാനുഭൂതിയുമുണ്ട്. ആശയറ്റവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി ജിവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ആത്മീയവെളിച്ചമാണ് അമ്പതുകാരനായ ജോസഫച്ചന്‍.

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍

‘ദൈവം നമുക്ക് ഒരു ജീവന്‍ തരുന്നുണ്ടെങ്കില്‍ ദൈവത്തിന് നമ്മെക്കുറിച്ചൊരു പ്ലാന്‍ ഉണ്ട്. നമുക്ക് ഒരു ദൈവാനുഗ്രഹം കിട്ടിയെങ്കില്‍ അതിലൂടെ മറ്റുള്ളവര്‍ക്ക് നന്മയുണ്ടാകണം’. അമ്മവീടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജോസഫച്ചന്‍ പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകളില്‍ ഒരു അനുഭവകഥയുണ്ട്. ആ അനുഭവത്തില്‍ നിന്നാണ് അമ്മവീടെന്ന അഭയകേന്ദ്രം സാക്ഷാത്കരിക്കപ്പെട്ടത്.

അമ്മവീട്ടിലെ അന്തേവാസികള്‍

ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്ത് കണ്ടത്തിപ്പറമ്പില്‍ തോമസ്-മേരി ദമ്പതികളുടെ മകനായി ജനിച്ച ജോസഫ് കുട്ടിക്കാലം മുതലേ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും അധിഷ്ഠിതമായി ജീവിച്ചു. പുരോഹിതനായി ഒരുവര്‍ഷം പോലും തികയുംമുമ്പേ സഭാധികാരികള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ഉത്തരവാദിത്തം ജോസഫച്ചനെ ഏല്‍പ്പിച്ചിരുന്നു. ആന്ധ്രപ്രദേശില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സെമിനാരിയുടെ നിര്‍മ്മാണം ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുക.

അതിനായി രാവും പകലുമില്ലാതെ ഓടിയ അച്ചന്‍ സഭാവിരോധികളുടെ ആക്രമണത്തിനിരയായി.  മരിച്ചെന്ന് കരുതി അക്രമികള്‍ അദ്ദേഹത്തെ വഴിയില്‍ ഉപേക്ഷിച്ച് പോയി. രക്തത്തില്‍ കുളിച്ച് മരണവും കാത്തുകിടന്ന നിമിഷങ്ങള്‍.  ആരും സഹായത്തിനില്ലാതെ അബോധാവസ്ഥയില്‍ വഴിയില്‍ കിടന്ന സമയത്ത് ഒരു ഓട്ടോക്കാരന്‍ ദൈവദൂതനെ പോലെ അച്ചനരികിലെത്തി. അച്ചനെ എടുത്തുകൊണ്ടുപോയി ആശുപത്രിയിലെത്തിച്ചു.

‘എത്രയോ നിരാലംബര്‍ തലചായ്ക്കാന്‍ ഇടമില്ലാതെ അലയുന്നു. എന്നെ ഒരാള്‍ വഴിയില്‍ നിന്നെടുത്തകൊണ്ട് ഞാന്‍ ഇന്ന് ജീവിക്കുന്നു. എനിക്ക് കിട്ടിയ ദൈവാനുഗ്രഹം എന്നീലൂടെ മറ്റുള്ളവര്‍ക്കും പകര്‍ന്നുനല്‍കാന്‍ സാധിക്കണം. അതിനായി വഴിയില്‍ കിടക്കുന്നവരെ എടുത്ത് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സംരംഭം ആരംഭിച്ചു’ ജോസഫച്ചന്‍ പറയുന്നു.

അമ്മവീട്ടില്‍ എത്തുന്നതിന് മുമ്പും ശേഷവും

അന്ന് ദൈവം ജോസഫച്ചനെ കൈവിടാതിരുന്നത് ദൈവത്തിന് അച്ചനെക്കുറിച്ച് വ്യക്തമായൊരു പ്ലാന്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെയാണ്.  2011ല്‍ സാക്ഷാത്കരിക്കപ്പെട്ട അമ്മവീട് ഏഴാം വാര്‍ഷികത്തിന്റെ നിറവിലാണ്. സമൂഹത്തില്‍ ഒറ്റപ്പെട്ട് മാനസിക നിലതെറ്റി തെരുവില്‍ അലയപ്പെട്ടവരും സ്വന്തം കുടുംബാംഗങ്ങളാലും ബന്ധുമിത്രാദികളാലും തഴയപ്പെട്ടവരുമാണ് ഈ സ്‌നേഹക്കൂട്ടിലുള്ളത്.

ആകെ 126 പേര്‍. ഇതില്‍ 32 പേര്‍ സ്ത്രീകളാണ്. അവര്‍ക്ക് ലഭിക്കാതെ പോയ സ്‌നേഹവും പരിചരണവും കരുതലും അമ്മവീടെന്ന ഈ സ്‌നേഹക്കൂട്ടായ്മയിലൂടെ സാധ്യമാകുന്നു. സ്‌നേഹവും പരിചരണവും തങ്ങളാലാവും വിധം അശരണര്‍ക്കായി പകര്‍ന്നുകൊടുക്കാന്‍ ഇവിടുത്തെ ശുശ്രൂഷകരും സദാ ജോസഫച്ചനോടൊപ്പമുണ്ട്. പ്രാര്‍ത്ഥനയുടെ ശക്തിയും ഇവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.

ജീവിതത്തിന്റെ കാതലായ സമയം തെരുവിലലഞ്ഞ് നടന്ന ഇവരോരുത്തര്‍ക്കും ഓരോ ഭൂതകാലമുണ്ടാകും. പക്ഷേ അമ്മവീട്ടില്‍ ഇവരെ കാത്തിരിക്കുന്നത് പുതിയൊരു ജീവിതം തന്നെയാണ്. ഇവിടെ എത്തുന്നതിനുമുമ്പുള്ള രൂപവും ശേഷമുണ്ടായ മാറ്റവും കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ആരൊക്കെയോ ഉണ്ടെന്ന പ്രതീക്ഷയുടെ പുതുവെട്ടവും  ഓരോരുത്തരുടെയും മുഖത്ത് തെളിഞ്ഞ് കാണാന്‍ സാധിക്കുന്നു.

അമ്മവീട്ടില്‍ എത്തുന്നതിന് മുമ്പും ശേഷവും

ദൈവം നടത്തിതരുമെന്ന ഉറപ്പുണ്ടെങ്കിലും നാളത്തെ കാര്യം എങ്ങനെ നടക്കുമെന്ന കാര്യത്തില്‍ മാനുഷികമായിട്ടുള്ള ടെന്‍ഷനുണ്ടാകാറുണ്ടെന്ന് അച്ചന്‍ പറയുന്നു. അങ്ങനെ പിരിമുറുക്കമുണ്ടാകുന്ന സമയത്ത് ദൈവം അടയാളങ്ങള്‍ കാണിച്ചുതന്നിട്ടുണ്ടെന്ന് അച്ചന്‍ പറയുന്നു.

‘ ഒരുദിവസം അല്‍ഷിമേഴ്‌സ് ബാധിച്ച ഒരു അപ്പച്ചനെ കുളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുളിപ്പിക്കുന്നതിനിടെ തമ്പുരാനെ എനിക്ക് ഇന്ന് ബിരിയാണി വേണമെന്ന് അപ്പച്ചന്‍ എന്നോട് പറഞ്ഞു. (തമ്പുരാനെന്നാണ് അപ്പച്ചന്‍ എല്ലാവരെയും വിളിച്ചിരുന്നത്). ഓര്‍മ്മയില്ലാത്ത ആളുപറയുന്നതാണല്ലോ എന്നതിനാല്‍ ഞാന്‍ കേട്ടഭാവം നടിച്ചില്ല. എന്നാല്‍ പിന്നേം പിന്നേം ബിരിയാണി വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ യേശുഭഗവാനോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. കാണാപാഠം പഠിച്ചപോലെ അപ്പച്ചന്‍ യേശുഭഗവാനെ ബിരിയാണി തരണേയെന്നുപറഞ്ഞ് നടപ്പായി. അന്നേദിവസം ബിരിയാണി കിട്ടാനുള്ള ഒരു സാധ്യതയുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ദൈവം അവിടെ ഒരു അടയാളം കാണിച്ചു. ഇവിടെ ധ്യാനം കൂടി തിരിച്ചുപോയ ഒരു പയ്യന്‍ അന്നേ ദിവസം എന്നെ കാണാന്‍ വന്നു. അവന്റെ സ്‌പോണ്‍ഷിപ്പില്‍ ഉഗ്രന്‍ മട്ടന്‍ബിരിയാണി തന്നെ വിളമ്പി അന്ന്’.

ഓരോരുത്തരുടെയും സഹായസഹകരണങ്ങള്‍കൊണ്ട് തന്നെയാണ് കാര്യങ്ങളെല്ലാം ക്രമീകരിക്കപ്പെടുന്നത്. ഈ പരിമിതിയില്‍ നിന്നുകൊണ്ടും ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രഭാതഭക്ഷണം വിതരണം ചെയ്തുവരുന്നു.

ജീവിതയാത്രയില്‍ എവിടെയൊക്കെയോ താളപിഴകള്‍ സംഭവിച്ച് നിരാലംബരായവര്‍ക്കും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും അഭയകേന്ദ്രങ്ങളാകുന്ന ഒരുപാട് അഗതിമന്ദിരങ്ങളും പകല്‍വീടുകളും നമുക്ക് ചുറ്റുമുണ്ട്. എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവരായി ഉപേക്ഷിക്കപ്പെടുന്ന സനാഥരായ അനാഥര്‍ക്കും, മനസ്സിനേറ്റ മുറിവില്‍ മാനസികനില തെറ്റിയവര്‍ക്കും, കിടപ്പുരോഗികള്‍ക്കും തലചായ്ക്കാന്‍ ഇത്തരം സ്‌നേഹസദനങ്ങളില്‍ ഒരിടമുണ്ടാകും.

ജീവിതതിരക്കിനിടയില്‍ ആഴത്തിലുള്ള സ്‌നേഹബന്ധങ്ങളുടെ അര്‍ത്ഥം തന്നെ പലരും മറന്നുപോയി.  പ്രായം ചെന്ന മാതാപിതാക്കളെയും മാനസികമായി തളര്‍ന്നവരെയും സ്വഭാവികമായും കൊണ്ടുതള്ളുന്ന സങ്കേതമായി മാറി ഇന്ന് വൃദ്ധസദനങ്ങള്‍. രാജ്യത്ത് ഏറ്റവും അധികം വൃദ്ധസദനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ തങ്ങളെ വൃദ്ധമന്ദിരങ്ങളുടെ ചുവരുകളിലേക്ക് തള്ളിവിടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന വേദന ഹൃദയഭേദകമാണ്. ഇത്തരത്തില്‍ നിരാശയുടെ ചുഴിയില്‍ അകപ്പെട്ടു പോകുന്ന വൃദ്ധമാതാപിതാക്കളെ ഒറ്റപ്പെടലിന്റെ തീരാദു:ഖത്തില്‍ നിന്ന് കൈപിടിച്ച് കയറ്റുന്നവരാണ് ജോസഫച്ചനെപോലുള്ളവര്‍. മക്കളുടെയും കൊച്ചുമക്കളുടെയും ശാപവാക്കുകള്‍ ഏറ്റ് ദിനമെണ്ണിക്കഴിയുന്നതിനേക്കാള്‍ ഭേദം ഒരു രാത്രി സമാധാനത്തോടെ ഇത്തരം സ്‌നേഹാലയങ്ങളില്‍ ഉറങ്ങുന്നതായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top