Kerala

വിഷമീന്‍; കടുത്ത പ്രതിസന്ധി

വിഷമീന്‍ പ്രതിസന്ധി കേരളത്തിന്റെ ആരോഗ്യ സാമ്പത്തിക മത്സ്യവിപണന മേഖലകളില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. വരാനിരിക്കുന്ന നാളില്‍ ലക്ഷക്കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുകയും, പട്ടിണിയിലേക്ക് തളളിവിടുകയും ചെയ്യുന്ന വലിയ വിപത്തിലേക്കാണ് വിഷമീന്‍ പ്രശ്‌നം വഴിമാറുന്നത്.

ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ മാത്രമല്ല മാരകമായ വിവിധയിനം ആന്റിബയോട്ടിക്കുകളും അടങ്ങിയിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കുന്നത്.

ആന്ധ്രയില്‍ നിന്നുളള അക്വാകള്‍ച്ചര്‍ ഫാമുകളില്‍ നിന്നാണ് മാരകമായ രോഗമുണ്ടാക്കുന്ന ആന്റിബയോട്ടിക്കുകള്‍ കലര്‍ന്ന ചെമ്മീനുകള്‍ കൊച്ചിയിലെ ചില സമുദ്രോല്‍പ്പന്ന കേന്ദ്രങ്ങളില്‍ എത്തുന്നത്. കഴിഞ്ഞ ചില മാസങ്ങളില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റി അയച്ച ചെമ്മീന്‍ കണ്ടെയ്‌നറുകള്‍ അതേപോലെ തന്നെ ഈ വിദേശരാജ്യങ്ങള്‍ തിരിച്ചയച്ചിരുന്നു. ആന്റിബയോട്ടിക്കുകളുടെ ക്രമാതീതമായ സാന്നിധ്യം പരിശോധനയില്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ചെമ്മീനുകള്‍ കേരളത്തിലേക്ക് തിരിച്ചയച്ചത്.

കാന്‍സര്‍ മാത്രമല്ല മനുഷ്യശരീരത്തിലെ ഇത്തരം ആന്റിബയോട്ടിക്കുകള്‍ സങ്കീര്‍ണമായ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ കുറഞ്ഞ നിരക്കില്‍ ചെമ്മീന്‍ പോലെയുളള മത്സ്യങ്ങള്‍ ആകര്‍ഷകമായ ഓഫര്‍ നല്‍കി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിരവധി തട്ടിപ്പ് കമ്പനികള്‍ കേരളത്തിലിപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആന്റിബയോട്ടിക്ക് അടങ്ങിയ ഇത്തരം ചെമ്മീനുകളും വിവിധ മത്സ്യങ്ങളുമാണ് വന്‍ലാഭം കരസ്ഥമാക്കി ചില കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നതെന്ന യാഥാര്‍ത്ഥ്യം പൊതുജനം തിരിച്ചറിയണം. വിപണിയില്‍ മായം കണ്ടുപിടിക്കാനുളള മാര്‍ഗമൊന്നും നിലവിലില്ലാത്തതിനാല്‍ രാസപദാര്‍ത്ഥം കലര്‍ന്ന ഏത് മത്സ്യവും എളുപ്പത്തില്‍ വിറ്റഴിക്കാം.

2017 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 608.72 മെട്രിക് ടണ്‍ മത്സ്യമാണ് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ആന്ധ്ര തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നു കൂടി വരുന്ന മത്സ്യങ്ങളെ ആശ്രയിച്ചാണ് കേരളത്തിലെ മത്സ്യവിപണയിലെ ഡിമാന്റ് പൂര്‍ത്തീകരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാളയാര്‍ അമരവിള ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് 21,000 കിലോ ഫോര്‍മാലിന്‍ ചേര്‍ന്ന മത്സ്യമാണ് പിടിച്ചെടുത്തത്. മലയാളിയെ പച്ചക്കറിയില്‍ മാത്രമല്ല മീനിലും വിഷം തളിച്ച് കൊല്ലുന്ന അന്യസംസ്ഥാന ലോബിയെ നിലക്ക് നിര്‍ത്താന്‍ നടപടികളൊന്നും സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.

മത്സ്യത്തിലെ മായം കണ്ടെത്താനുളള ‘പേപ്പര്‍ സ്ട്രിപ്പ്’ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി(സിഫ്റ്റ്) താമസിയാതെ തന്നെ വിപണിയിലെത്തിക്കും.

ട്രോളിങ് നിലവില്‍ വന്നതോടെ കേരളത്തിലെ മത്സ്യവിപണിയില്‍ മത്സ്യം നന്നെ കുറവാണ്. മത്തിക്ക് പോലും കിലോയ്ക്ക് വില 300 രൂപ ആയിട്ടുണ്ട്.വിഷമീനുകളെപ്പറ്റിയുളള വാര്‍ത്ത വന്നതോടെ പൊതുജനങ്ങള്‍ മീന്‍ വാങ്ങുന്നത് വേണ്ടെന്ന് വച്ചിട്ടുണ്ട്. കടലോരഗ്രാമങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി വഴിവയ്ക്കുന്ന സ്ഥിതിവിശേഷം വരും നാളുകളില്‍ കൊടുമ്പിരികൊളളുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തില്‍ മാത്രം 10.24 ലക്ഷം മത്സ്യബന്ധനതൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യബന്ധന വ്യവസായവുമായി പരോക്ഷമായി പ്രവര്‍ത്തിക്കുന്ന ഇതിലെത്രയോ ഇരട്ടിയാണ് കണക്ക് നോക്കുമ്പോള്‍ ലോകത്തിലെ രണ്ടാമത്തെ മത്സ്യ ഉല്‍പ്പാദന രാജ്യമാണ് ഇന്ത്യ. ചെമ്മീന്‍ പോലെയുളള അക്വാകള്‍ച്ചര്‍ ഉല്‍പ്പാദനത്തിലും ചൈന കഴിഞ്ഞാല്‍ ഇന്ത്യക്കാണ് രണ്ടാമത്തെ സ്ഥാനം. മത്സ്യ ഉല്‍പ്പാദനത്തില്‍ കേരളത്തിനും പരമപ്രധാനമായ സ്ഥാനമാണുളളത്.

ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ വിഷമത്സ്യങ്ങള്‍ ആഭ്യന്തരവിപണിയേയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും. കടലോര ഗ്രാമങ്ങളിലെ നൂറുകണക്കിന് മത്സ്യതൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കും. ട്രോളിംങ് നിരോധനവും, വിഷമീനും കേരളത്തിന്റെ മത്സ്യസമ്പദ് മേഖലയില്‍ വന്‍തിരിച്ചടി സൃഷ്ടിക്കും. സംസ്ഥാന ഫിഷറീസ് വിഭാഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് മത്സ്യമേഖലയിലുളളവര്‍ ആവശ്യപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top