Kerala

അമ്മയുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനെ സിനിമാ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിനിമാരംഗത്തെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ അമ്മയോട് ചോദിക്കാനുണ്ട് എന്ന തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഘടനയുടെ അമര്‍ഷവും വിയോജിപ്പും രേഖപ്പെടുത്തിയിരിക്കുന്നത്. അക്കമിട്ട് നിരത്തിയിരിക്കുന്ന ഏഴ് ചോദ്യങ്ങളില്‍ അമ്മ സംഘടന രണ്ട് വ്യക്തികളോട് കാണിക്കുന്ന ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടാനാണ് ഡബ്ല്യൂസിസിയുടെ ശ്രമം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതിനെ തുടര്‍ന്നാണ് അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. യുവതാരങ്ങളുടെ ശക്തമായ വിയോജിപ്പ് കാരണമാണ് ദിലീപിന് സംഘടനയില്‍ തുടരാന്‍ സാധിക്കാതെ പോയത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി ഊര്‍മിള ഉണ്ണി ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ദിലീപിനെ പുറത്താക്കിയതിന് നിയമസാധുതയില്ലെന്നും ദിലീപ് കേസ് കൊടുത്തിരുന്നെങ്കില്‍ നമ്മള്‍ പെട്ടുപോയെനെ എന്നുമായിരുന്നു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം. തുടര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കാന്‍ സംഘടന തീരുമാനം കൈക്കൊള്ളുകയായിരുന്നു.

വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളും ചില യുവ താരങ്ങളും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പൃഥ്വിരാജിനേയും രമ്യാ നമ്പീശനേയും തത് സ്ഥാനത്തുനിന്നും ഇന്നലെ നീക്കം ചെയ്യുകയും ചെയ്തു. ഇരുവരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top