Entertainment

ബിഗ് ബോസിനെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു

ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് തരംഗമാവുമോ ?

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ജൂണ്‍ 24 മുതല്‍ ആരംഭിക്കും. നൂറ് ദിവസം 16 മത്സരാര്‍ഥികള്‍ ഒന്നിച്ച് താമസിച്ച് പുറംലോകവുമായി ബന്ധപ്പെടാത്ത പലതരം കൃത്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന പരിപാടിയാണ് ബിഗ്‌ബോസ്. പാശ്ചാത്യ രാജ്യങ്ങളില്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത അതേ തീം മലയാളത്തില്‍ അവതരിപ്പിക്കുമ്പോള്‍ കേരളീയ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്.

മറ്റൊരു പ്രമുഖ ചാനല്‍ ഇതേ വിഷയം കേന്ദ്രമാക്കി സംപ്രേക്ഷണം ചെയ്തുവെങ്കിലും കാഴ്ചക്കാരില്ലാതെ സാവധാനം പിന്‍വലിക്കുകയായിരുന്നു. ഇത്തരം പരിപാടികള്‍ മലയാളിവത്ക്കരിക്കുമ്പോഴുണ്ടാകുന്ന പാളിച്ചകളാണ് പ്രോഗ്രാം സ്വീകരണ മുറിയില്‍ ഉള്‍ക്കൊള്ളാന്‍ പ്രധാന തടസ്സമാവുന്നത്.

ഉത്തരേന്ത്യന്‍ പ്രൊഡക്ഷന്‍ സംഘങ്ങളെ വിളിച്ചുവരുത്തി വന്‍തുക മുടക്കി നിര്‍മിക്കുന്നതോടെ മലയാളി തനിമയും നര്‍മവും മേന്മയും എവിടെയൊക്കെയോ നഷ്ടപ്പെടുന്നു.
ഒരു പ്രമുഖ സൂപ്പര്‍സ്റ്റാറിനെ കേന്ദ്രീകരിച്ച് ചിത്രീകരിച്ച പരിപാടി അവസാനം കോറസ് പുകഴ്ത്തലായി മാത്രം അധപതിച്ചത് കേരളീയര്‍ മറന്നിട്ടില്ല. അവസാനം മഠയത്തരം മനസ്സിലാക്കി ആരുമറിയാതെ പരിപാടി പിന്‍വലിച്ചു.

മലയാളിയുടെ നര്‍മവും കാര്‍ട്ടൂണുകളിലൂടെയും ട്രോളുകളിലൂടെയും സമൂഹത്തോട് പ്രതികരിക്കുന്ന രീതിയും തിരിച്ചറിഞ്ഞിട്ടുള്ള ആഖ്യാനശൈലി വന്‍കിട ടെലിവിഷന്‍ പ്രൊജക്ടില്‍ കൈമോശം വരുന്നുവെന്ന യാഥാര്‍ഥ്യം ടെലിവിഷന്‍ മേഖലയിലുള്ളവര്‍ തിരിച്ചറിയണം. മുന്‍കാലങ്ങളില്‍ എന്ത് പരിപാടികള്‍ നല്‍കിയാലും സ്വീകരിക്കുന്ന ശരാശരി പ്രേക്ഷകരല്ല ഇപ്പോഴുള്ളത്. സമൂഹമാധ്യമങ്ങളിലെ മികച്ച പരിപാടി കണ്ട് ശീലിക്കുന്ന പുതുതലമുറ ടെലിവിഷന്‍ കാഴ്ചക്കാര്‍ക്ക് നെല്ലും പതിരും തിരിച്ചറിയാന്‍ ശേഷിയുണ്ട്. പതിവ് കെട്ടുകാഴ്ച ടെലിവിഷന്‍ പരിപാടികള്‍ പാടെ തിരസ്‌കരിക്കും.

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് പോലെയുള്ള വന്‍ ജനപ്രീതിയാര്‍ജിച്ച പരിപാടി ബിഗ്‌ബോസിന് വേണ്ടി മാറ്റിവച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

മുംബൈയിലെ ദാദാ ഫാല്‍കെ ഫിലിംസിറ്റിയിലാണ് ബിഗ് ബോസിന്റെ നിര്‍മാണം നടക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ബിഗ്‌ബോസ് ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ടെലിവിഷനില്‍ വരുന്നത്. മത്സരാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അടച്ചിട്ട വീട്ടില്‍ 16 മത്സരാര്‍ഥികള്‍, 60 ക്യാമറ. ഇവരുടെ ഓരോ ചലനവും തത്സമയം ഒപ്പിയെടുത്ത് കാഴ്ചക്കാര്‍ക്ക് വാരാന്ത്യം ഏഷ്യാനെറ്റ് എത്തിക്കും.
കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാത്തതിനാല്‍ പഴയ സിനിമാ നോട്ടീസില്‍ അച്ചടിച്ചിരിക്കുന്ന അവസാന വാചകം പോലെ തുടര്‍ഭാഗങ്ങള്‍ അഭ്രപാളിയില്‍ നേരിട്ട് കാണുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top