റഷ്യന്‍ ലോകകപ്പില്‍ ഏഷ്യയ്ക്ക് അഭിമാനവും പ്രതീക്ഷയും നല്കി ജപ്പാന്. ലാറ്റനമേരിക്കന്‍ ശക്തിയുമായെത്തിയ കൊളംബിയക്കെതിരെ ആധികാരികമായ വിജയം സ്വന്തമാക്കിയാണ് ജപ്പാന് ഏഷ്യ്ക്ക് അഭിമാനമായത്. മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയായിരുന്നു ജപ്പാന്റെ വിജയം.
ലാറ്റിനമേരിക്കയെന്ന ഗര്‍വിനെ വകവയ്ക്കാതെ കളംനിറഞ്ഞ് കളിച്ച ജപ്പാന് അര്‍ഹിക്കുന്ന മത്സരഫലമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന് കരുത്തരായ കൊളംബിയയെ മറികടന്നത്. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തെ ലോകകപ്പില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ബഹുമതിയും ഇതിലൂടെ ജപ്പാന് സ്വന്തമാക്കി.
മത്സരത്തിന്റെ നാലാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ജപ്പാന് ആധിപത്യം നേടി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കഗാവയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. തുടര്‍ന്നും ജപ്പാന്റെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാല്‍ 39-ാം മിനിട്ടില്‍ ഫ്രീ കിക്കിലൂടെ ജുവാന്‍ ക്വിന്റെറോ കൊളംബിയയ്ക്ക് സമനില നല്കി. മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍ യുയു ഒസാക്കയാണ് ജപ്പാന്റെ വിജയഗോള്‍ നേടിയത്. 73-ാം മിനിട്ടില്‍ കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു ഗോള്‍.