തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ട്. കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുകള്‍ക്ക് ക്ഷതമേറ്റെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ക്ക് ചതവേറ്റതായാണ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറാഴ്ചയോളം സമയമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വകവെയ്ക്കാതെയാണ് പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം, വിഷയം ചര്‍ച്ച ചെയ്യാന്‍ ഡി.ജി.പി പൊലിസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്സിനെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് യോഗം.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ പൊലിസ്് ഡ്രൈവറുടെ ഭാര്യയുടെ പരാതി സ്വീകരിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.