Home app

കൈവിട്ട കളി തുടര്‍ന്ന് കേരള പോലീസ് ; പ്രതിക്കൂട്ടിലാകുന്ന സര്‍ക്കാര്‍

മൃദു ഭാവെ, ദൃഢ കൃത്യെ – കേരള പോലീസിന്റെ ആപ്തവാക്യമാണിത്. സംഭവം സംസ്‌കൃതമാണ്, മലയാളത്തിലാക്കിയാല്‍ ഇപ്പൊ നമുക്ക് ചിലപ്പോള്‍ ചിരി പൊട്ടും. ”മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മങ്ങള്‍…”

ചിരിക്കില്ലെങ്കില്‍ പോലീസ് ജോലിയില്‍ പ്രവേശിക്കുമ്പോഴുള്ള ദൗത്യ പ്രഖ്യാപനം കൂടി ഇപ്പോള്‍ നമുക്കൊന്ന് സ്മരിച്ചേക്കാം. ദേ ഇതാണ് അത്.

” ഭാരത ഭരണഘടനയോട് കൂറുപുലര്‍ത്തി അച്ചടക്കവും, ആദര്‍ശധീരതയും ഉള്‍ക്കരുത്താക്കി മനുഷ്യാവകാശങ്ങള്‍ മാനിച്ച് ജനങ്ങളുടെ ജീവനും, സ്വത്തും അന്തസ്സും സരംക്ഷിച്ചു ന്യായമായും, നിഷ്പക്ഷമായും, നിയമം നടപ്പാക്കി അക്ഷോഭ്യരായി അക്രമം അമര്‍ച്ചചെയ്ത് വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ആത്മപരിശോധന നടത്തി ജനങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊത്ത് പ്രവര്‍ത്തിച്ച് ക്രമസമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ഞങ്ങള്‍. ”

ആപ്തവാക്യവും പ്രതിജ്ഞയുമെല്ലാം എട്ടായിമടക്കി പോക്കറ്റിലിട്ടാണ് കേരളത്തിലെ പോലീസ് സേനയുടെ ഇപ്പോഴത്തെ നടപ്പ്. ജനങ്ങളോടും പൊതുസമൂഹത്തോടും ഇത്രമേല്‍ പ്രതിബന്ധതയുള്ള, അച്ചടക്ക നിഷ്‌കര്‍ഷയുള്ള ഒരു സംവിധാനമാണ് നാലാംകിട തെരുവുഗുണ്ടകളുടെ പണിയെടുത്ത് സര്‍ക്കാറിനേയും ഭരണകൂടത്തെയും നിരന്തരം ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

ഇന്നലെകളെണ്ണിയാലും അത്ര നല്ല കഥകളൊന്നുമല്ലല്ലോ കാക്കിപ്പടയുടേതായി രചിക്കപ്പെട്ടിട്ടുള്ളത്. ഒഞ്ചിയം വെടിവയ്പ്പും കൂത്തുപറമ്പ് വെടിവയ്പ്പും  പുതുപ്പള്ളി വെടിവയ്പ്പും ബീമാപ്പള്ളി വെടിവയ്പ്പും അടിയന്തിരാവസ്ഥക്കാലത്തെ വീരചരിതങ്ങളും ചുടു ചോരയുടെ മണവും ക്രൂരതയുടേയും ഭയത്തിന്റെയും നിറവുമാണ് കേരള പോലീസിന് സമ്മാനിച്ചിട്ടുള്ളത്. രാജനും വിജയനും കണ്ണനും ഇന്നും മലയാളികള്‍ക്ക് ഞെട്ടിക്കുന്ന ഓര്‍മകളാകുന്നതും അതുകൊണ്ടുതന്നെ. വര്‍ഗീസിനെ 1978ല്‍ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതാണെന്ന് സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് സാക്ഷിമൊഴി പുറത്ത് വരുന്നത്. അത്രയും നീണ്ട കാലം സത്യാവസ്ഥ പുറത്ത് വരാതിരുന്നതിന് കാരണവും മറ്റൊന്നല്ല തന്നെ. വര്‍ഷങ്ങള്‍ക്കിപ്പുറം ദേവരാജ്, അജിത എന്നിവരെ നിലമ്പൂര്‍ വനത്തില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയതില്‍ നിന്നും ആ നിലയില്‍ നിന്നും കേരള പോലീസ് അണുവിട മാറിയിട്ടില്ല എന്നതും നമുക്ക് വ്യക്തമായതാണ്.

സി അച്യുതമേനോന്‍, കെ കരുണാകരന്‍ എന്നീ ഭരണാധികാരികളെ കേരളം ഓര്‍ക്കുന്നത് അവരുടെ വിട്ടുവീഴ്ചകളില്ലാത്ത പോലീസ് വിധേയത്വം കൊണ്ടു കൂടിയാണ്. പോലീസിന്മേല്‍
അന്ധമായ വിശ്വാസം കൈമുതലായി കൊണ്ടു നടന്നവരായിരുന്നു രണ്ടു പേരും. അടിയന്തിരാവസ്ഥക്കാലത്ത് ഒരു ദിവസം മുഴുവന്‍ ലോക്കപ്പില്‍ പോലീസിന്റെ ക്രൂരമര്‍ദനം ഏറ്റുവാങ്ങേണ്ടി വന്ന പിണറായി വിജയന്‍ ഇന്ന് അവരിരുന്ന കസേരയില്‍ പിന്‍ഗാമിയായെത്തുമ്പോള്‍ ഒരു താരതമ്യം സ്വാഭാവികമാണ്.

1977 മാര്‍ച്ച് 30ന് രക്തം പുരണ്ട വസ്ത്രങ്ങളുമായി നിയമ സഭയില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ നിരാകരിക്കും വിധമാണ് അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കേ ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന പോലീസ് വിളയാട്ടങ്ങളെല്ലാം. ഭരണമികവിനെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന നടപടികളാണ് പോലീസ് സേന നിരന്തരം ചെയ്തുകൊണ്ടേയിരിക്കുന്നത്. പ്രതിപക്ഷത്തിന് സര്‍ക്കാറിനെ അടിക്കാനുള്ള നല്ല ചൂരല്‍വടിയായി വര്‍ത്തിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി കേരള പോലീസ് സേന.

ഇഷ്ടമുള്ള രീതിയില്‍ മുടി ഒന്ന് നീട്ടി വളര്‍ത്തിയാല്‍, ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് കണ്ടാല്‍, ഭിന്നലിംഗക്കാരെ കണ്ടാല്‍… കലിപ്പ് തീര്‍ക്കാതെ പോകാന്‍ വയ്യ എന്നായിരിക്കുന്നു ഇവിടുത്തെ ഒരു വിഭാഗം പോലീസുകാര്‍ക്ക്. സദാചാരവാദികളുടെ അംബാസിഡര്‍മാരായി സംസ്ഥാന പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റുപറയുക വയ്യ.

കോളേജ് അധികൃതരുടെ പീഡനം കാരണം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, പുതുവൈപ്പിന്‍ സമരം, മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം, തൃശൂരിലെ വിനായകന്റെ ആത്മഹത്യ, വാളയാറിലെ പെണ്‍കുട്ടികളുടെ മരണം, കൊച്ചിയിലെ മിഷേല്‍ ഷാജിയുടെ മരണം, കോഴിക്കോടും തിരുവന്തപുരത്തും കൊച്ചിയിലും ട്രാന്‌സ്‌വ്യക്തികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍, വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം, മലപ്പുറത്ത് ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിയുടെ പേരില്‍ വഴിയാത്രക്കാരന്റെ മൂക്കിന് മുഷ്ടി ചുരുട്ടിയിടി, വിദേശ വനിതയുടെ മരണം, കെവിന്റെ കൊലപാതകം, എടപ്പാള്‍ പീഡനം, ഇപ്പോള്‍ ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം നടന്ന ആലുവ എടത്തലയില്‍ യുവാവിനെതിരെയുള്ള അതിക്രമം …കേരള പോലീസിന്റെ ഹിറ്റ്‌ലിസ്റ്റ് തുടരുകയാണ്. സേനാംഗങ്ങളുടെ മനോവീര്യം കെടുത്തരുതെന്ന നിലപാടില്‍ ഉറച്ചുനിന്ന് നയിക്കുന്ന ആഭ്യന്തര മന്ത്രിയുടെ ഭരണകാലത്ത് കേരളം കണ്ട പോലീസ് വേട്ടകളാണിവ.

മോഷണക്കുറ്റം ആരോപിച്ചാണ് 19 വയസ്സുകാരനായ വിനായകനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. മുടി നീട്ടി വളര്‍ത്തിയ വിനായകനെ കഞ്ചാവാക്കി പോലീസുകാര്‍ തല്ലിച്ചതച്ചു. പോലീസ് വിട്ടയച്ച ശേഷം വീട്ടിലെത്തിയ വിനായകന്‍ ജീവനൊടുക്കി. പോലീസ് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നു.

ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തിലെ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ ആള് മാറി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു രാത്രി മുഴുവന്‍ നീണ്ട് നിന്ന ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് ശ്രീജിത്ത് മരണത്തിന് കീഴടങ്ങി. കുടുംബത്തിന് ധനസഹായവും ഭാര്യയ്ക്ക് ജോലിയും നല്‍കി പ്രതിഷേധ ശബ്ദങ്ങളെ തത്ക്കാലം മാറ്റിനിര്‍ത്താന്‍ സര്‍ക്കാറിന് കഴിഞ്ഞു.

പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് നിരത്തില്‍ വലിച്ചിഴച്ചത് വികാര വിക്ഷോഭങ്ങളോടെയാണ് കേരളം കണ്ടുനിന്നത്. പുതുവൈപ്പിനില്‍ സമരം ചെയ്ത സ്ത്രീകളേയും കുട്ടികളേയുമുള്‍പ്പെടെ തല്ലിച്ചതച്ച യതീഷ് ചന്ദ്രമാരെയും കേരളം കണ്ടു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ അഴിഞ്ഞാടിയപ്പോള്‍ പോലീസുകാരും അവര്‍ക്കൊപ്പം ആയിരുന്നു. രാത്രി ആണിനേയും പെണ്ണിനേയും ഒരുമിച്ച് കണ്ടാല്‍ ശിവസേനക്കാരെക്കാളും കഷ്ടമാണ് കേരള പോലീസിന്റെ കൈകാര്യം ചെയ്യല്‍. ഭിന്നലിംഗക്കാരുടെ കാര്യം പറയുകയും വേണ്ട.

പോലീസ് ക്രൂരതയുടെ അറിയാക്കഥകള്‍ വേറെയുമുണ്ട്. പെറ്റിക്കേസിലാണ് കൊല്ലം സ്വദേശി കുഞ്ഞുമോനെ കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ കയറി പോലീസ് പിടിച്ച് കൊണ്ട് പോയ കുഞ്ഞുമോന്‍ രാവിലെ സ്റ്റേഷനില്‍ മരിച്ച് കിടന്നു. എന്നാല്‍ അത് ഹൃദയാഘാതം മൂലമുള്ള മരണമായി ഒതുങ്ങി.

മോഷണക്കുറ്റം ചുമത്തി തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാന തൊഴിലാളിയായ കാളിമുത്തുവിന്റെ മരണം പുറംലോകം അറിഞ്ഞത് പോലുമില്ല.

ഉനൈസെന്ന ചെറുപ്പക്കാരനെ സ്‌കൂട്ടര്‍ കത്തിച്ചുവെന്ന പരാതിയിലാണ് വീട്ടില്‍ നിന്ന് പിടിച്ചിറക്കി കൊണ്ട് പോയത്. വൈകിട്ട് വരെ സ്റ്റേഷനില്‍ മര്‍ദ്ദനം. ഉനൈസ് തന്നെ ഇക്കാര്യം കത്തില്‍ പറയുന്നു. നിവര്‍ന്ന് നില്‍ക്കാന്‍ പോലുമാകാതെ രണ്ട് മാസം നരകിച്ചാണ് ഉനൈസ് മരിച്ചത്.

മലപ്പുറത്ത് സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റ് ചെയ്ത അബ്ദുള്‍ വഹാബ് പിറ്റേന്നാള്‍ ലോക്കപ്പ് മുറിയില്‍ മരിച്ച് കിടന്നു. അത് ആത്മഹത്യയായി.

പരസ്യമദ്യപാനം ആരോപിച്ചാണ് കാസര്‍കോഡ് ചൗക്കി സ്വദേശി സന്ദീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സന്ദീപിനെ ജീപ്പിലിട്ട് പോലീസ് മര്‍ദ്ദിച്ചതായി സഹോദരന്‍ ദീപക് വെളിപ്പെടുത്തിയിരുന്നു. ജീപ്പില്‍ വെച്ച് അവശനായ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തീര്‍ന്നില്ല എളമക്കര സ്വദേശി ജോണ്‍സണിനെ മദ്യപാനത്തിന്റെ പേരില്‍ പിടിച്ച് കൊണ്ടുപോയി പോലീസ് തല്ലിച്ചതച്ചു. മൂന്നാല് ദിവസം ആശുപത്രിയില്‍ കിടന്ന് ജോണ്‍സണും മരിച്ചു. ഒരു കേസ് പോലും ഉണ്ടായില്ല. ഹെല്‍മെറ്റ് വേട്ടയെന്ന പേരിലുള്ള തെറിവിളികളും മര്‍ദ്ദനവും കേരളത്തില്‍ ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു.

സര്‍ക്കാര്‍ കണക്കുപ്രകാരം തന്നെ പോലീസ് സേനയില്‍ 1200 ഓളം കുറ്റവാളികള്‍ ഉണ്ട്. പോയ വര്‍ഷത്തില്‍ ഒരു ഐജിയും രണ്ട് എസ്പിമാരും ഉള്‍പ്പെടെ 24 പേരാണ് നടപടി നേരിട്ടത്. മേല്‍പ്പറഞ്ഞ ലിസ്റ്റിലെ പോലീസ്പ്രതികള്‍ക്കെതിരെ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ എണ്ണമിനിയും വര്‍ധിക്കുമായിരിക്കും.

ആരെയും എവിടെവച്ചും ഇഷ്ടാനുസരണം അറസ്റ്റുചെയ്യാം എന്നതാണ് പോലീസിന്റെ അധികാരം എന്ന സാധാരണക്കാരുടെ മിഥ്യാധാരണയാണ് പോലീസിന് കരുത്ത് പകരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 21,22 അനുച്ഛേദങ്ങള്‍ അനുശാസിക്കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള പൗരാവകാശത്തിന്മേലുള്ള പച്ചയായ കടന്നുകയറ്റമാണ് നിയമപരിപാലനമെന്ന പേരില്‍ പോലീസ് പലപ്പോഴും ചെയ്യുന്നത്.

1961ലെ പോലീസ് ആക്ട്, 1968ലെ പോലീസ് മാന്വല്‍, 2005ലെ മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങി പോലീസുകാരെ നല്ല വഴിക്ക് നടത്താനുള്ള ചിട്ടകളും ചട്ടങ്ങളുമെല്ലാം കടലാസുകളില്‍ അക്കമിട്ട് നല്ല വെണ്ടയ്ക്കാ വലിപ്പത്തില്‍ എഴുതിവച്ചിട്ടുണ്ട്. എന്നാല്‍ അവ കടലാസുകളില്‍ മാത്രമായി ഒതുങ്ങുകയാണ്. സിനിമകളില്‍ കാണിക്കുന്ന ചില ഊച്ചാളി പോലീസുകാരുടെ പാതയിലാണ് ഇന്ന് കേരളത്തിലെ ഒരു വിഭാഗം പോലീസ് ജീവനക്കാര്‍. അവര്‍ കണ്ണുരുട്ടിയും കൈക്കരുത്ത് കാട്ടിയും പേടിപ്പിച്ച് മുതലെടുപ്പുകള്‍ നടത്തുന്നു, പണത്തിന് മുന്നില്‍ മുട്ടിലിഴയാന്‍ തയ്യാറാകുന്നു, പകപോക്കല്‍ ഒരു നയമായി കൈക്കൊള്ളുന്നു. ആത്യന്തികമായി ആഭ്യന്തര വകുപ്പിനും സര്‍ക്കാറിനും നിരന്തരം പേരുദോഷങ്ങളുണ്ടാക്കുന്നു. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തര വകുപ്പ് മന്ത്രി എന്ന നിലയിലും പിണറായി വിജയന് വലിയ വെല്ലുവിളിയാവുകയാണ് പോലീസ് സേന. ഒന്നിനും കൊള്ളാത്തവനെന്ന ടാഗ്‌ലൈനും
പേറി നടക്കുന്ന ഡിജിപി ലോകനാഥ് ബെഹ്‌റ ആ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബെഹ്‌റയെ പേറി ഇനിയും മുന്നോട്ട് പോയാല്‍ പിണറായി വലിയ വില നല്‍കേണ്ടി വരും എന്ന് ഉറപ്പാണ്.

വര്‍ധിക്കുന്ന ജോലിഭാരവും ചുരുക്കം ചിലരുടെ പ്രവര്‍ത്തികളെ സാമാന്യ വത്കരിക്കുകയാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുകയാണ് എന്നൊക്കെ ന്യായീകരിച്ചാലും ചെയ്ത തെറ്റുകളെ ലഘൂകരിക്കാനാവില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാകേണ്ട പോലീസ് ജീവനെടുക്കുന്ന കാലന്മാരാകുമ്പോള്‍, ജീവിതമെടുക്കുന്ന വില്ലന്മാരാകുമ്പോള്‍ ജനം അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്.

ചെങ്ങന്നൂരിലെ മിന്നും ജയം അപകടകരമായ ആത്മവിശ്വാസം നല്‍കുന്നത് പോലീസിനും കൂടിയാണ്. അത് തിരിച്ചറിഞ്ഞ് നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെങ്കില്‍ മറികടക്കുവാനാകാത്ത കടുത്ത ഭരണവിരുദ്ധ വികാരത്തിനാകും അത് വഴി തെളിക്കുക. സൂപ്പര്‍ താരത്തെപ്പോലും ജയിലിലടച്ച കരളുറപ്പുള്ള പോലീസാണ് കേരള പോലീസ് എന്ന വാദങ്ങള്‍ക്കൊന്നും അപ്പോള്‍ നിങ്ങളെ രക്ഷിക്കാനാവില്ല.

കൈക്കരുത്ത് കാട്ടിയും കൈമടക്കുകള്‍ക്ക് മുന്നില്‍ കുനിഞ്ഞ് നിന്നും അധികാര ഗര്‍വിന് വിടുപണി ചെയ്യുന്ന പോലീസിനെയല്ല കേരള ജനതയ്ക്ക് ആവശ്യം. പൊതുജനത്തിന്റെ സമാധാന ജീവിതത്തിന് വിഘാതമാകാതെ നില്‍ക്കുന്ന, അതിന് എല്ലാ പരിരക്ഷയും നല്‍കുന്ന സേനയാണ് നമുക്ക് വേണ്ടത്. അവധിക്കാലം പോലെ കുറച്ചു നാളുകള്‍ സസ്‌പെന്‍ഷന്‍ നല്‍കി ശിക്ഷ അവസാനിപ്പിക്കുകയല്ല ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്. എല്ലാവര്‍ക്കും സന്ദേശമാകുന്ന രീതിയില്‍ മാതൃകാ പരമായി ശിക്ഷിക്കണം. വേണമെങ്കില്‍ ആവശ്യമായ നിയമഭേദഗതികള്‍ വരുത്തി ഇത്തരം ക്രിമിനല്‍ മനസ്സുള്ള ജീവനക്കാരെ സേനയില്‍ നിന്ന് പുറത്താക്കാനുള്ള നടപടികളും കൈക്കൊള്ളണം.

സമാധാനപാലകര്‍ തന്നെ അക്രമത്തിന് മുന്നിട്ടിറങ്ങുന്നത് പുരോഗമന സമൂഹത്തിന് യോജിക്കുന്നതല്ല. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായുള്ള പോലീസ് സേന സ്വേച്ഛ്വാധിപതികളുടെ വേട്ടപ്പട്ടികളുടെ സ്വഭാവത്തിലേക്ക് മാറുകയാണെങ്കില്‍  പൊതുജനപ്രതിഷേധങ്ങളും എമ്പാടുനിന്നും ഉയരും. പോലീസുകാരെക്കാളും അത് ബാധിക്കുക തീര്‍ച്ചയായും ഇവിടുത്തെ ഭരണകൂടത്തെത്തന്നെയാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top