Football

ഇന്റര്‍കോണ്ടിനെന്റല്‍: ഇന്ത്യ ഇന്ന് കെനിയക്കെതിരെ, ഛേത്രിക്കിത് 100-ാം മത്സരം

മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. മുംബൈ ഫുട്ബോള്‍ അരീന സ്റ്റേഡിയത്തില്‍ കെനിയയാണ് ഇന്ത്യയുടെ എതിരാളികള്‍. നാല് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രാത്രി എട്ടിന് സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് മത്സരം സംപ്രേഷണം ചെയ്യുക.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഹാട്രിക് കുറിച്ച ആദ്യ മത്സരത്തില്‍ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തപ്പോള്‍, ന്യൂസിലന്‍ഡിനോട് 2-1 ന്റെ ജയവുമായാണ് കെനിയ രണ്ടാം അങ്കത്തിനെത്തുന്നത്.

അതേസമയം സുനില്‍ ഛേത്രിയുടെ 100-ാം മത്സരം എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ പോരാട്ടത്തിന്. ഒരിക്കലും നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുമെന്ന് സ്വപ്നം കണ്ടിരുന്നില്ലെന്ന് ഛേത്രി വ്യക്തമാക്കി. ‘ഈ യാത്രയില്‍ കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും, പരിശീലകര്‍ക്കും സഹകളിക്കാര്‍ക്കും, ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇത് വളരെ പ്രത്യേകത നിറഞ്ഞതാണ്,’ ഛേത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയയ്ക്ക് ശേഷം 100-ാം അന്താരാഷ്ട്ര മത്സരമെന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അദ്ദേഹം. 104 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ബൂട്ടുകെട്ടിയ ബൂട്ടിയ 40 ഗോളുകളാണ് സ്വന്തമാക്കിയതെങ്കില്‍, 59 ഗോളുകള്‍ ഛേത്രി ഇതിനോടകം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ കളിതുടരുന്നവരില്‍ ക്രിസ്റ്റ്യാനോയ്ക്കും, മെസിക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top