Kerala

വ്യവസായ തൊഴില്‍ സമരങ്ങള്‍ കേരളത്തെ പിന്നോട്ടടിക്കും

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന സത്ത് കയറ്റുമതി കമ്പനിയായ കോലഞ്ചേരിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ തൊഴില്‍ സമരം കേരളത്തിലെ വ്യാവസായിക സമാധാന അന്തരീക്ഷത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ മങ്ങലേല്‍പ്പിക്കുന്നു.

തൊഴിലാളികളെ കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റിയതിലും ഒരാളെ സസ്‌പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയായ സിഐടിയുവാണ് കഴിഞ്ഞമാസം മുതല്‍ സമരമാരംഭിച്ചത്.

തൊഴിലാളി അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സമരം ആരംഭിച്ചിരിക്കുന്നതെന്ന് സിഐടിയു ആവകാശപ്പെടുന്നുണ്ട്. ലോകത്തിന്റെ മുന്നില്‍ കേരളത്തിന് അഭിമാനപൂര്‍വം ചുണ്ടിക്കാണിക്കാവുന്ന സിന്തൈറ്റ് പോലെയൊരു വ്യവസായം കേരളത്തില്‍ നിലനില്‍ക്കണെമെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം വ്യവസായികളും ആവശ്യപ്പെടുന്നുണ്ട്.

ലോകത്തിലെ ഗുണനിലവാര ആരോഗ്യ ഏജന്‍സിയായ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) കര്‍ക്കശ ഗുണനിലവാരങ്ങള്‍ പാലിച്ചാണ് ആഗോള തലത്തില്‍തന്നെ സിന്തൈറ്റ് സുഗന്ധ വ്യഞ്ജന സത്തും സുഗന്ധ വ്യഞ്ജന എണ്ണയും കയറ്റുമതി ചെയ്യുന്നത്.

കോടിക്കണക്കിന് രൂപ ഗവേഷണ വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രം മുതല്‍ മുടക്കിയിട്ടുള്ള സിന്തൈറ്റിന്റെ മിക്ക ഉത്പന്നങ്ങളും അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ വന്‍കിട ഭക്ഷ്യ സംസ്‌കരണ ശാലകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കോലഞ്ചേരിയിലെ കടയിരിപ്പ് എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ലോക വ്യവസായിക ഭൂപടത്തില്‍ ഇടം നേടിയ ഈ വ്യവസായത്തിനെ അനാവശ്യ സമരങ്ങള്‍ കൊണ്ട് മുക്കിക്കൊല്ലരുതെന്ന് ഇതിനോടകം തന്നെ വ്യാപാര വ്യവസായ സംഘടനകള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമരം നടക്കുന്ന സിന്തൈറ്റില്‍ ജോലിക്കെത്തിയ തൊഴിലാളികളെ ഇന്നലെ തടയുകയും സൂപ്പര്‍ വൈസര്‍ എന്‍ഐ പൗലോസിനെ സിഐടിയു തൊഴിലാളികള്‍ മര്‍ദിക്കുകയും ചെയ്തു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു അക്രമ സംഭവങ്ങള്‍ ഫാക്ടറി പരിസരത്ത് നടന്നത്. അക്രമ സംഭവത്തില്‍ പങ്കില്ലെന്ന് സിഐടിയു നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഇടത് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പുറത്ത് നിന്ന് വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ ഗൗരവകരമായ നടപടികള്‍ പിന്‍തുടരുമ്പോള്‍ ഇത്തരം അക്രമ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ ത്വരിത വ്യവസായ വികസനത്തിന് തുരങ്കം വെക്കും.

കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ വരുന്ന വ്യവസായ സംരഭകര്‍ ആദ്യം അന്വേഷിക്കുക നിലവിലുള്ള വ്യവസായങ്ങളില്‍ സമാധാനപരമായ തൊഴില്‍ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടോ എന്നാണ്. മുതല്‍ മുടക്കിയ ശേഷം കാശു കൊടുത്ത് കടിക്കുന്ന നായെ കൂടെ നിര്‍ത്താന്‍ വിവരമുള്ള ഒരു വ്യവസായിയും തയ്യാറാവുകയില്ല.

കേരളത്തിലെ വ്യാവസായിക തൊഴില്‍ സമരങ്ങളുടെ വിഷയങ്ങള്‍ ഗൗരവമായി പരിശോധിച്ചാല്‍ സമര കാരണങ്ങള്‍ കൂടുതലും വേതന വര്‍ധനവ്, തൊഴില്‍ സൗകര്യങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയുള്ളതല്ല. മറിച്ച് അച്ചടക്ക ലംഘനങ്ങള്‍ക്ക് നടപടിയെടുത്തതിന്റെ പേരിലാണ് മിക്ക സമരങ്ങളും തുടക്കമിടുന്നത്.

കേരളത്തിലെ വ്യാവസായിക പുരോഗതിക്ക് ഇത്തരം സമരങ്ങള്‍ ഒരു കാലത്തും ഗുണം ചെയ്യില്ല. നിര്‍മാണ, രാസ വ്യവസായയങ്ങള്‍ക്ക് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ ഇനി സാധ്യതയില്ലെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഭക്ഷ്യ, ഐടി, ടെക്‌നോളജി, ആരോഗ്യ പരിപാലന, സുഗന്ധ വ്യഞ്ജന, മെഡിക്കല്‍, ബയോടെക്‌നോളജി വ്യവസായങ്ങള്‍ക്കാണ് ഇനി കേരളത്തില്‍ സാധ്യതയുള്ളത്. ഇതിനാകട്ടെ വന്‍ മുതല്‍ മുടക്ക് വേണ്ടി വരും. വിദേശ, ആഭ്യന്തര വ്യവസായികള്‍ ഇത്തരം പദ്ധതികള്‍ക്ക് സാക്ഷരതയിലും വിദ്യാഭ്യാസ ആരോഗ്യ നിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളം മുന്‍പന്തിയിലാണെന്ന് സംരഭകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ തൊഴിലന്തരീക്ഷം സമാധാനപരമായിരിക്കണം.

ഒറ്റപ്പെട്ട സമരങ്ങളാണ് പലപ്പോഴും വാര്‍ത്താ പ്രാധാന്യം കൈവരിക്കുന്നത്. പക്ഷെ അത്തരം സമരങ്ങളാണ് പുതിയ വ്യവസായ സംരഭകരുടെ അഭിപ്രായ രൂപീകരണത്തിന് കളമൊരുക്കുക. ഭരിക്കുന്ന സര്‍ക്കാര്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ക്രിയാത്മക നയങ്ങളും അടിയന്തിര നപപടികളും സ്വീകരിച്ചില്ലെങ്കില്‍ കേരളം ഏറെ പിന്നോട്ട് പോകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top