Latest News

കര്‍ഷകസമരം രാജ്യത്താകമാനം വ്യാപിക്കുന്നു; ജൂണ്‍ 10ന് ഭാരതബന്ദ്

ദില്ലി: മധ്യപ്രദേശില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഷകസമരം രാജ്യത്താകമാനം വ്യാപിക്കുന്നു. മധ്യപ്രദേശിനുപുറമേ ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചമുതല്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ഏഴുസംസ്ഥാനങ്ങളില്‍ പത്തുദിവസം നീളുന്ന കര്‍ഷകസമരത്തിന് തുടക്കമായതോടെ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിരിക്കുകയാണ്.

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത താങ്ങുവില നല്‍കുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എന്നാല്‍ പതിവ് കര്‍ഷകസമരങ്ങളില്‍നിന്ന് വ്യത്യസ്തമായി കാര്‍ഷികോത്പന്നങ്ങള്‍ നഗരങ്ങളിലെ വിപണികളിലെത്തിക്കാതെയുള്ള സമരമാണ് ഇത്തവണത്തേത്. പ്രകടനങ്ങള്‍ നടത്തുകയോ വാഹനങ്ങള്‍ തടയുകയോ റോഡുകള്‍ ഉപരോധിക്കുകയോ ചെയ്യുന്നില്ല. പകരം കാര്‍ഷികോത്പന്നങ്ങളും പാലുത്പന്നങ്ങളും കര്‍ഷകര്‍ നഗരങ്ങളിലേക്കയക്കില്ലെന്നതാണ് സമരക്കാരുടെ തീരുമാനം.

സമരം അവസാനിക്കുന്ന ജൂണ്‍ 10-ന് രാജ്യവ്യാപകമായി ഉച്ചയ്ക്ക് രണ്ടുവരെ ഭാരതബന്ദ് നടത്തും. അന്ന് രണ്ടുമണിവരെ കടകള്‍ അടച്ചിടണമെന്ന് വ്യാപാരികളോട് അഭ്യര്‍ഥിക്കുമെന്ന് മഹാസംഘ് കണ്‍വീനര്‍ ശിവകുമാര്‍ ശര്‍മ പറഞ്ഞു. അതേസമയം സമരത്തിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി. കോണ്‍ഗ്രസ് ആസൂത്രണംചെയ്ത സമരമാണിതെന്ന് സിങ് ആരോപിച്ചു. സമരം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ചൗഹാന്റെ ആരോപണം. മധ്യപ്രദേശിലെ മന്‍സോറില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ആറുകര്‍ഷകര്‍ വെടിയേറ്റുമരിച്ചതിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു കര്‍ഷകസമരം പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top