Breaking News

കെവിന്‍ കൊലപാതകം; കോട്ടയം മുന്‍ എസ്പി പ്രതിയെ വഴിവിട്ട് സഹായിച്ചു

കെവിന്‍ കൊലപാതക കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്ന് വിവരം. എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം ഏറ്റുമാനൂര്‍ കോടതിയെ അറിയിച്ചത്.

ഇതിനിടെ കെവിനെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയെ മുഹമ്മദ് റഫീഖ് തെറ്റിദ്ധരിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കെവിനെ കാണാതായ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. ഈ സമയത്ത് കെവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി ഇക്കാര്യം കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖിനോട് അന്വേഷിച്ചു. സംഭവം അന്വേഷിക്കാന്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞത്. എന്നാല്‍ ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് സംഭവം അന്വേഷിക്കാന്‍ ഡി.വൈ.എസ്.പിയോട് എസ്.പി നിര്‍ദ്ദേശിച്ചത്.

കേസ് അന്വേഷിക്കേണ്ട ഗാന്ധിനഗര്‍ എസ്.ഐ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലാണെന്ന വാര്‍ത്തയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം എസ്.പിയോട് ചോദിച്ചപ്പോള്‍ ഗാന്ധി നഗര്‍ എസ്.ഐയെ സുരക്ഷാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ചാണ് തന്റെ സുരക്ഷാ സംഘത്തില്‍ എസ്.ഐ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് എസ്.പി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മുഖ്യമന്ത്രിക്ക് മനസിലായതോടെയാണ് വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ എസ്.പിയെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു.

അതിനിടെ, കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം വ്യക്തിപരമായ കാരണത്താലാണ്. ക്വട്ടേഷന്‍ സംഘത്തിന്റെ പങ്കു കണ്ടെത്താനായിട്ടില്ല. മാത്രമല്ല, കെവിനെ കൊലപ്പെടുത്താന്‍ ആയുധം ഉപയോഗിച്ചിരുന്നുവെന്നും ഐജി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top