കെവിനെ ഗുണ്ടാസംഘം കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട കെവിനെ പിന്തുടര്ന്ന് പുഴയിലേക്ക് ചാടിക്കുകയായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികളുടെ മൊഴിയും റിമാന്‍ഡ് റിപ്പോര്‍ട്ടും തമ്മില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. വഴിയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ കെവിന് ഇറങ്ങിയോടിയെന്നാണ് മുഖ്യ പ്രതി ഷാനു ചാക്കോയുടെ മൊഴി. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഷാനുവിന്റെ റിമാന്റ് റിപ്പോര്‍ട്ട്. കൊല്ലം തെന്മല ഭാഗത്ത് വച്ചാണ് കെവിന് ഇറങ്ങിയോടിയത്. ഇവിടെ ആഴമുള്ള പുഴയുണ്ടെന്നറിയാവുന്ന പ്രതികള്‍ പുറകെ ഓടി. ചാലിയക്കര ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കെവിനെ കൊലപ്പെടുത്തണമെന്ന ഉദ്യേശമില്ലായിരുന്നുവെന്ന ഷാനുവിന്റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കെവിനെ കൊലപ്പെടുത്തി നീനുവിനെ തട്ടിക്കൊണ്ട് വരാനായിരുന്നു ഗുണ്ടാസംഘത്തിന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. അതേസമയം കസ്റ്റഡിയിലുള്ള ഷാനുവിനെയും ചാക്കോയേയും മറ്റ് പ്രതികളെയും തെളിവെടുപ്പിനായി ഇന്ന് കൊല്ലത്തേക്ക് കൊണ്ടു പോകും. നാല് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയിരിക്കുന്നത്. കേസില്‍ ഇനി നാല് പേര് കൂടി പിടിയിലാകാനുണ്ട്.