Kerala

ഇഗ്നാത്തിയോസ് ബാവയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തി

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തി. ക്ലിഫ് ഹൗസില്‍ ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ച, കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്തതിനെ പാത്രിയാര്‍ക്കിസ് ബാവ അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക് അയച്ച കത്തും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിവിധികള്‍ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തില്‍ നിന്ന് വരേണ്ടതാണെന്ന് പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ഡമാസ്‌കസില്‍ നിന്ന് ഇവിടെവരെ വന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങള്‍ക്കറിയാവുന്നതുകൊണ്ട് സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയാര്‍ക്കീസ് ബാവ ഉറപ്പുനല്‍കി.

സഭാവിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കങ്ങള്‍ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് സമാധാന ശ്രമങ്ങള്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തുടരണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ട്. കാരണം വിശ്വാസികള്‍ക്ക് സമാധാനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ തിയോഫിലോസ് ജോര്‍ജ് സലിബ, മാര്‍ തിമോത്തിയോസ് മത്താ അല്‍ഹോറി തുടങ്ങിയവരും പാത്രിയാര്‍ക്കീസ് ബാവ യോടൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top