ഇനി ടിക്കറ്റെടുക്കാതെ കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്ര ചെയ്യാം. ടിക്കറ്റുകള്‍ക്ക് പകരം പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ വരുന്നു. എ.ടി.എം കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡ് മൊബൈല്‍ സിമ്മിലെന്നപോലെ റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. യാത്ര ചെയ്യുന്നതിനനുസരിച്ച് കാര്‍ഡിലെ പണംതീരും. 1000, 2000 രൂപയുടെ സ്മാര്‍ട്ട് കാര്‍ഡാണ് ഇറക്കുന്നത്.
കാര്‍ഡ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുമ്പോള്‍ യാത്ര ചെയ്യേണ്ട ദൂരത്തിനു വേണ്ട പണം ഈടാക്കപ്പെടും. ഓര്‍ഡിനറി ബസിലും സൂപ്പര്‍ഫാസ്റ്റിലുമൊക്കെ സ്മാര്‍ട്ട് കാര്‍ഡുമായി യാത്ര ചെയ്യാം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാന്‍സ്പോര്‍ട്ടാണ് പദ്ധതിക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. എല്ലാ ഡിപ്പോയില്‍ നിന്നും കാര്‍ഡ് റീ ചാര്‍ജ് ചെയ്യാം. കാശ് തീര്‍ന്നാല്‍ കണ്ടക്ടര്‍ റീ ചാര്‍ജ് ചെയ്തു നല്‍കും.
പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി കോര്‍പറേഷന്റെ കമ്പ്യൂട്ടര്‍ സംവിധാനം പരിഷ്കരിക്കും. ഇപ്പോഴത്തെ ടിക്കറ്റ് മെഷീനുകളുടെ സ്ഥാനത്ത് പുതിയത് വരും. പുതിയ പദ്ധതിക്കായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാനാണ് കോര്പറേഷന് മാനേജ്മെന്റിന്റെ തീരുമാനം. റിസര്‍വ് ചെയ്ത് പ്രിന്റൗട്ടുമായി യാത്ര ചെയ്യുന്ന ഇപ്പോഴത്തെ രീതിക്കു പകരം ക്യു.ആര്.ടി കോഡ് ഏര്‍പ്പെടുത്താനും തീരുമാനമായി.മൊബൈല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യു.ആര്.ടി കോഡ് ടിക്കറ്റ് മെഷീനില്‍ കാണിച്ചാല്‍ യാത്ര ചെയ്യാം.