തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍. കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഉറപ്പ് നല്കി. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാരിന്റെ പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സാമ്പത്തിക സഹായമോ നഷ്ടപരിഹാരമോ പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കഴിയില്ല. പ്രത്യേക ഉത്തരവിലൂടെ മാത്രമേ ലിനിയുടെ കുടംബത്തെ സര്‍ക്കാരിന് സഹായിക്കാന്‍ സാധിക്കൂ. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.
നിപാ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് സംശയിക്കുന്ന പന്തിരിക്കര സൂപ്പിക്കടയ്ക്ക് സമീപം വളച്ചുകെട്ടി വീട്ടിലെ രോഗബാധിതരായ കുടുംബാംഗങ്ങളെ പരിചരിച്ചതിന് പിന്നാലെയാണ് ലിനിക്ക് അസുഘം ബാധിച്ചത്. കോഴിക്കാട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ദിവസവേതന ജീവനക്കാരിയായിരുന്നു ലിനി.