Kerala

വ്യവസായവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം: മുഖ്യമന്ത്രി

കൊച്ചി: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതിനും വേഗത്തില്‍ പരിഹാരം കാണുന്നതിനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായം തുടങ്ങുന്നതിന് അപേക്ഷ നല്‍കിയാലുള്ള തടസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വലിയൊരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന പൊതുബോധത്തിന് മാറ്റം വരുത്താന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞു. അതേ സമയം വികസനമെന്നത് എല്ലാ മേഖലകളുമായും ബന്ധപ്പെട്ടതാണ്. മാലിന്യ നിര്‍മാര്‍ജനം, ശുദ്ധജലം, വിഷരഹിതമായ ഭക്ഷണം എന്നിവയെല്ലാം വികസനത്തിന്റെ ഭാഗമാണ്.
പൊതുവിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളുണ്ടാക്കിയതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ രംഗത്തും സമൂലമായ അഴിച്ചുപണി വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ആരോഗ്യരംഗത്ത് ആശുപത്രികളുടെ നിലവാരം ഉയര്‍ത്താന്‍ ആര്‍ദ്രം മിഷന്‍ വഴിയൊരുക്കി. കിടപ്പാടമില്ലാത്ത അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഭവനങ്ങള്‍ സാധ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ലൈഫ് മിഷന്‍.

ഇന്റര്‍നെറ്റ് അവകാശമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ലൈബ്രറികളിലും പാര്‍ക്കുകളിലും സൗജന്യമായി വൈ ഫൈ ലഭ്യമാക്കും. ഐ ടി മേഖല കൂടുതല്‍ ശക്തമാക്കും. ഇ ഗവേണന്‍സിലൂടെ ഭരണം കാര്യക്ഷമമാക്കും. നൂതനാശയങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ പ്രോത്സാഹനം നല്‍കും. ഇത്തരത്തില്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള അനുകൂലാന്തരീക്ഷത്തിന് പ്രചാരണം നല്‍കുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള അംബാസഡര്‍മാരാകുന്നതിനും വ്യവസായികള്‍ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top