Kerala

ജോലി സ്ഥലത്തു നിന്ന് മുങ്ങിയാല്‍ ഷൂ കണ്ടു പിടിച്ചോളും ; ഇന്ത്യയിലെ ആദ്യ കൂപ്പത്തോണില്‍ ഒന്നാം സ്ഥാനം നേടി ഇന്‍വെന്റോ

കോഴിക്കോട്: ജോലിസ്ഥലത്ത് തൊഴിലാളികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഹാജര്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഇന്‍വെന്റോ എന്ന സ്മാര്‍ട്ട് ഷൂ കോഴിക്കോട്ട് നടന്ന ഇന്ത്യയിലെ ആദ്യ കൂപ്പത്തോണില്‍ ഒന്നാം സ്ഥാനം നേടി.

അപകടമേഖലകളില്‍ ജോലി ചെയ്യുന്നവരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെയും സഹായിക്കാനും ഇതിലൂടെ കഴിയും. കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് ചുറ്റുമുള്ള വസ്തുക്കളേതെന്ന് നിര്‍ണയിക്കാന്‍ നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമാക്കി രൂപം നല്‍കിയ വാഷ് എന്ന ഉപകരണത്തിനാണ് രണ്ടാം സ്ഥാനം.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഊബറിന്റെ മാതൃകയില്‍ സഹകരണമേഖലയില്‍ ടാക്‌സി സര്‍വീസ് നടത്താനായി വികസിപ്പിച്ചെടുത്ത ആപ് ആയ കൂപ്പോണ്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്. യഥാക്രമം 30,000 രൂപ, 20,000 രൂപ, 10,000 രൂപ എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. സമ്മാനത്തുകയ്ക്കു പുറമെ ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളായി പരിവര്‍ത്തനം ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയും ഇന്ത്യയിലെ മികച്ച ഇന്‍കുബേറ്ററുകളില്‍ അതിനായുള്ള പരിശീലനവും വിജയികള്‍ക്ക് ലഭിക്കും.

പുതിയ തൊഴില്‍ സാഹചര്യങ്ങളില്‍ സഹകരണമേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സഹകരണത്തോടെ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ആഗോള സമ്മേളനത്തിന്റെ ഭാഗമായാണ് കൂപ്പത്തോണ്‍ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ സഹകരണ ഹാക്കത്തോണ്‍ നടത്തിയത്.

ഇന്റര്‍നാഷണല്‍ കോഓപറേറ്റിവ് അലയന്‍സ്, അന്താരാഷ്ട്ര തൊഴില്‍ സംഘടന, യൂറോപ്യന്‍ യൂണിയന്‍ എന്നിവ പങ്കാളികളായ ഈ സമ്മേളനത്തില്‍ ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതായിരുന്നു കൂപ്പത്തോണിലെ വിഷയം. 83 അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുത്ത് 24 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ടീമംഗങ്ങളിലെ 97 പേരില്‍ 36 പേര്‍ പെണ്‍കുട്ടികളായിരുന്നു.

ജോലിക്കെത്തുന്ന തൊഴിലാളികള്‍ കൃത്യമായി ജോലിസ്ഥലത്തുണ്ടോ എന്നു പരിശോധിക്കാനും ഇന്റവെന്റോയ്ക്ക് കഴിയും. ഇതിനായി ഷൂവില്‍ സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ടാവും. ഹാജര്‍നില കൈകാര്യം ചെയ്യാനടക്കം ഇന്റവെന്റോവിലൂടെ സാധിക്കും. കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ നന്ദകിഷോര്‍, സായന്ത് എന്നിവരാണ് ഇതിനു രൂപം നല്‍കിയത്.

ആറന്‍മുള കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ടി.അഭിത്, വിഷ്ണു എന്നിവരാണ് വാഷ് എന്ന ഉപകരണം തയാറാക്കിയത്. ചുറ്റുപാടുകളെക്കുറിച്ച് വിവരണം നല്‍കുന്ന വാഷ് ശരീരത്തില്‍ ഘടിപ്പിക്കാം. ഉപകരണത്തോട് ആശയവിനിമയവും സാധ്യമാണ്. വളരെ കുറഞ്ഞ ബാറ്ററി ചെലവാണ് വാഷിന്റെ മറ്റൊരു പ്രത്യേകത.

സഹകരണ ഓണ്‍ലൈന്‍ ടാക്‌സി ആപ് തയാറാക്കിയത് ഗണേഷ് എന്ന വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങളുടെ സ്ഥാന നിര്‍ണയം, ഭൂപടം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഈ ആപ്പിലുണ്ട്.

സഹകാരികളും അക്കാദമിക് വിദഗ്ധരും സംരംഭകരും നയകര്‍ത്താക്കളും വിദ്യാര്‍ഥികളും ഗവേഷകരുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇരുനൂറോളം പ്രതിനിധികള്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.

തൊഴില്‍ നൈപുണ്യ വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍, ധനവകുപ്പു മന്ത്രി ഡോ.ടിഎം തോമസ് ഐസക്, ജനീവ അന്താരാഷ്ട്ര തൊഴില്‍ സംഘടനയിലെ സഹകരണവിഭാഗം മേധാവി ഡോ.സിമല്‍ എസിം, ഇന്റര്‍നാഷണല്‍ കോഓപറേറ്റിവ് അലയന്‍സ് റീജനല്‍ ഡയറക്ടര്‍ ബാലു അയ്യര്‍, ഏഷ്യ-പസഫിക് റിസര്‍ച്ച് ഓഫീസര്‍ മൊഹിത് ദാവെ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍, കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ.കുല്‍ഭൂഷണ്‍ ബലൂനി, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ്, ഊരാളുങ്കല്‍ സഹകരണസംഘത്തിന്റെ മുഖ്യ ഓര്‍ഗനൈസര്‍ രമേശന്‍ പലേരി, അമേരിക്കയിലെ ന്യൂ സ്‌കൂളില്‍നിന്നുള്ള പ്രൊഫ. ട്രെബര്‍ ഷോള്‍സ്, മൈസൂര്‍ തേര്‍ഡ് സെക്ടര്‍ റിസര്‍ച്ച് റിസോഴ്‌സ് സെന്ററിലെ ഡോ. യശ്വന്ത്‌റാവു ഡോങ്‌ഗ്രെ, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ മേധാവിയും സാമൂഹിക പ്രവര്‍ത്തകയുമായ റീമ നാനാവതി, രംഗന്‍ ദത്ത, ഡോ.മൃദുല്‍ ഈപ്പന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top