ദില്ലി: ദേശിയ ചലചിത്ര പുരസ്കാര വിതരണച്ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി അവാര്‍ഡ് ജേതാക്കള്‍. എല്ലാവര്ക്കും രാഷ്ട്രപതി പുരസ്കാരം നല്‍കില്ലെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ജേതാക്കള്‍ വ്യക്തമാക്കിയത്.
11 പുരസ്കാരങ്ങള്‍ മാത്രം രാഷ്ട്രപതി വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് ജേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രി സ്മൃതി ഇറാനിയാണ് മറ്റു ജേതാക്കള്‍ക്കു പുരസ്കാരം വിതരണം ചെയ്യുന്നത്. ഈ നീക്കത്തിനെതിരേ പുരസ്കാര ജേതാക്കള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തില്‍ ഫഹദ് ഫാസിലും യേശുദാസും അടക്കം 62ഓളം പേര് ഒപ്പിട്ടു. തീരുമാനം മാറ്റിയില്ലെങ്കില്‍ പുരസ്കാരവിതരണം ബഹിഷ്കരിക്കാനാണ് രാവിലെ ചേര്‍ന്ന ജേതാക്കളുടെ യോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നല്‍കാനാണ് തീരുമാനം. അതേസമയം ഒപ്പിടുന്നതില്‍ സംവിധായകന് ജയരാജ് വിമുഖത പ്രകടിപ്പിച്ചു.