Kerala

എംഡി കണ്ടക്ടറായാല്‍ കെഎസ്ആര്‍ടിസി നന്നാവുമോ?

തബലയില്‍ താളമടിച്ച് കെഎസ്ആര്‍ടിസിയുടെ ജീവനക്കാരെ കൈയ്യിലെടുത്താണ് എംഡി ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ സ്ഥാനമേറ്റത്. ജിവനക്കാര്‍ സഹകരിച്ചാല്‍ ആനവണ്ടി താമസിയാതെ ലാഭകരമാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞില്ല ജീവനക്കാരും തച്ചങ്കരിയും തമ്മില്‍ തെറ്റി. വേഷം കെട്ടിയാല്‍ കമ്പനി നന്നാവില്ലെന്ന് കെഎസ്ആര്‍ടിസിയിലെ എല്ലാ യൂണിയനുകളും തുറന്നുപറഞ്ഞു. ബസില്‍ യൂണിഫോം ധരിച്ച് കണ്ടക്ടറായി മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി ക്യാമറയ്ക്ക് മുന്നില്‍ നിന്നത് ജീവനക്കാര്‍ക്ക് പിടിച്ചില്ല.

തച്ചങ്കരിയും വിട്ടുകൊടുത്തില്ല. ഉടനെ മറുപടിയും വന്നു. കെഎസ്ആര്‍ടിസി നന്നാവാത്തത് യൂണിയന്‍കാരുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് തുറന്നുപറഞ്ഞു. ഏപ്രില്‍ മാസം 30-ാം തിയതി ശമ്പളം നല്‍കിയിട്ടും ജീവനക്കാര്‍ ഇങ്ങനെ പെരുമാറിയതില്‍ തച്ചങ്കരിക്കും അമര്‍ഷമുണ്ട്.

എന്നാല്‍ തിരുവനന്തപുരത്തെ ചില യൂണിയന്‍ നേതാക്കള്‍ക്ക് വെറുതെയിരിക്കാതെ പണികൊടുത്തതാണ് തച്ചങ്കരി അനഭിമതനാകാന്‍ കാരണമെന്നാണ് അറിയുന്നത്. ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് പോലും ജീവനക്കാരെ സംരക്ഷിക്കാന്‍ നീക്കമുണ്ടായെങ്കിലും തച്ചങ്കരി കുലുങ്ങിയില്ല.

സ്വന്തം പബ്ലിസിറ്റിയ്ക്ക് വേണ്ടി തച്ചങ്കരി ഇതിലപ്പുറവും പയറ്റുമെന്നാണ് യൂണിയന്‍ നേതാക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്. തച്ചങ്കരി ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും മാനസപുത്രനായതിനാല്‍ രണ്ടും കല്‍പ്പിച്ചാണ് മുതിര്‍ന്ന പോലീസുകാരന്റെ നീക്കം.

നികുതി ദായകന്റെ പണമെടുത്ത് ശമ്പളവും പെന്‍ഷനും നല്‍കുന്ന ഈ സര്‍ക്കാര്‍ വണ്ടി സ്ഥാപനം ഒരുകാലത്തും നന്നാകില്ലെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ കരുതുന്നത്. കടം വാങ്ങിയും ഭാര്യയുടെ കെട്ടുതാലി പണയം വെച്ചും ബസ് വാങ്ങുന്ന പ്രൈവറ്റ് ബസ് മുതലാളി വര്‍ഷമൊന്ന് കഴിയുമ്പോള്‍ എല്ലാ ചെലവും കഴിഞ്ഞ് പുതിയ ബസ് വാങ്ങുന്ന നാട്ടിലാണ് ആനവണ്ടി നഷ്ടത്തിലേ ഓടൂ എന്ന് ചിലര്‍ വാശി പിടിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top