ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനക്കാര്യത്തില്‍ വീട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്കി ജസ്റ്റിസ് കുര്യന് ജോസഫ്. കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യുമെന്ന് കുര്യന് ജോസഫ് ആവര്‍ത്തിച്ചു. പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിനോടാണ് കുര്യന് ജോസഫ് ഇക്കാര്യം പറഞ്ഞത്.
വസ്തുതകളും കീഴ്വഴക്കവും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും കുര്യന് ജോസഫ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങുന്ന കൊളീജിയം ഏകകണ്ഠമായാണ് നേരത്തേ ജോസഫിന്റെ നിയമനം ശുപാര്‍ശ ചെയ്തത്. എന്നാല്‍, സീനിയോറിറ്റി അടക്കം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു. മുന്‍പ്, ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എം.ജോസഫിനെ ആന്ധ്ര, തെലങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുളള ശുപാര്‍ശയും കേന്ദ്രം അംഗീകരിച്ചിരുന്നില്ല.