Entertainment

ജയന്‍ ചേര്‍ത്തല.. മലയാളത്തിന്റെ പത്തരമാറ്റ് ഹെവി വെയ്റ്റ് വില്ലന്‍

മലയാളി ടെലിവിഷന്‍- സിനിമാ പ്രേക്ഷകര്‍ക്ക് ചിരപരിചതമാണ് ആ മുഖവും ശരീരവും. മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകളില്‍ തന്റേതായ ഇടം കണ്ടെത്തി, സിനിമാ മേഖലയിലേക്ക് ചേക്കേറിയ മലയാളികളുടെ സ്വന്തം ഹെവി വെയ്റ്റ് വില്ലന്‍.. ജയന്‍ ചേര്‍ത്തല.

അഭിമുഖം ആരംഭിക്കുന്നതിന് മുമ്പ് വോയിസ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്ത് വെച്ചിരുന്നെങ്കില്‍പ്പോലും പ്രധാനപ്പെട്ട പോയിന്റുകള്‍ കുറിച്ചെടുക്കാന്‍ ഒരു പേപ്പറും പേനയും കരുതിയിരുന്നു ഞാന്‍. എന്നാല്‍ അഭിമുഖം അവസാനിച്ചിട്ടും പേപ്പറില്‍ ഒരു വരി പോലും കുറിച്ചിടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അത്രമേല്‍ ഹൃദ്യവും മനോഹരവുമായിരുന്നു അദ്ദേഹത്തിന്റെ വര്‍ത്തമാനം. ഒരുപക്ഷേ വോയിസ് റെക്കോര്‍ഡറില്‍ ശബ്ദം പതിഞ്ഞിരുന്നില്ലെങ്കില്‍ക്കൂടി ജയന്‍ ചേര്‍ത്തലയുമായുള്ള അഭിമുഖം വള്ളിപുള്ളി തെറ്റാതെ ഞാനെഴുതിയേനെ. അത്രയേറെ ഹൃദയത്തോടൊട്ടിനില്‍ക്കുന്നുണ്ട് ആ വാക്കുകള്‍.

അനുവദിച്ചുകിട്ടിയ ചുരുങ്ങിയ സമയം പാഴാക്കാതെ വര്‍ത്തമാനത്തിലേക്ക് കടന്നു,

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ മലയാളത്തിന്റെ ഹെവി വെയ്റ്റ് വില്ലന്‍ പതിയെ ഒരു സ്വഭാവനടനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടോ?

ആക്ച്വലി ആദ്യം ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ വരുന്ന സമയത്ത് എന്റെ മുഖം വില്ലന് പറ്റിയതല്ല എന്നുപറഞ്ഞ് എന്നെ ഒഴിവാക്കിവിട്ട സംവിധായകന്മാര്‍ ഇന്നുമുണ്ട്. വില്ലന്‍ എന്ന നിലയില്‍ ക്ലിക്കാവാനുണ്ടായ കാരണം ആ കഥാപാത്രമാണ്. അതിന് നന്ദി പറയേണ്ടത് മാനസപുത്രി എന്ന സീരിയലിനാണ്. ആ ക്യാരക്ടര്‍ ക്ലിക്കായപ്പോള്‍ വില്ലന് ഒരു മുഖമായിട്ട് ഞാന്‍ മാറി. അതിനെത്രയാണ് എന്റെ സംഭാവനയെന്ന് എനിക്ക് കൃത്യമായി പറയാനാവില്ല. ബോധപൂര്‍വ്വമായി ഒരു വില്ലനിങ്ങനെയൊക്കെയാണ് എന്ന് പഠിച്ച് ചെയ്തതൊന്നുമല്ല. സത്യസന്ധമായി പറഞ്ഞാല്‍.. അന്ന് തോന്നിയത് ചെയ്തു, അങ്ങനെ ആ ക്യാരക്ടര്‍ ക്ലിക്കായപ്പോള്‍ ആ മാനറിസം സ്വീകരിക്കപ്പെട്ടു എന്നതാണുണ്ടായത്. ആ സീരിയല്‍ മമ്മൂക്ക കാണാറുണ്ടായിരുന്നു. അങ്ങനെയാണ് മമ്മൂക്കയുടെ പരുന്ത് എന്ന ചിത്രത്തിലൂടെ ഞാന്‍ മലയാള സിനിമയിലെത്തുന്നത്.

ഒരു മെഗാസ്റ്റാര്‍ സീരിയല്‍ കണ്ട് താങ്കളെ സിനിമയിലേക്ക് കൊണ്ടുപോകണമെങ്കില്‍ അദ്ദേഹത്തിന് എന്തോ സ്‌ട്രൈക്ക് ചെയ്തത് കൊണ്ടുതന്നെയല്ലേ?

ആയിരിക്കാം.. പക്ഷേ ഞാന്‍ ഇന്നും അതിനെക്കുറിച്ച് ബോധവാനല്ല. എനിക്ക് സിനിമ പാഷനാണ്. എന്റ സ്വപ്‌നമാണ്. എന്റെ ആഗ്രഹമാണ്. മരിക്കുന്നതുവരെ സിനിമയില്‍ നില്‍ക്കണം എന്നാഗ്രഹിക്കുന്ന കുറേയാള്‍ക്കാരില്‍ ഒരാളാണ് ഞാന്‍. ഒത്തിരി കഷ്ടപ്പാടുകള്‍ സഹിച്ച് തന്നെയാണ് സിനിമയിലെത്തിയത്. ജൂനിയര്‍ ആര്‍ടിസ്റ്റായി, ഡബ്ബിങ് ആര്‍ട്ടിസ്റ്റായി, അസിസ്റ്റന്റ് ഡയറക്ടറായി, സ്‌ക്രിപ്റ്റ് റൈറ്ററായി അങ്ങനെയൊക്കെ വന്നിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ ഞാനെന്നെ പൂര്‍ണമായി സിനിമയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. പ്രജാപതി എന്ന സിനിമ ചെയ്യുന്ന വേളയില്‍ എനിക്ക് 15 ദിവസത്തെ ഷൂട്ട് മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ മഴയുണ്ടാക്കുന്ന ഓസു പിടിച്ചും മറ്റും 45 ദിവസം ഞാനാ ലൊക്കേഷനിലുണ്ടായിരുന്നു. അതാരെയും പ്രീതിപ്പെടുത്താനോ ഒന്നുമല്ല. സിനിമയില്‍ ഞാന്‍ നില്‍ക്കുന്ന ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു എന്നതുകൊണ്ടാണ്. സിനിമയ്ക്കുവേണ്ടി ചെറുതും വലുതുമായ എന്ത് ജോലിയും ചെയ്യാന്‍ എനിക്ക് മടിയില്ല. എന്റെ മാക്‌സിമം സിനിമയ്ക്ക് നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്.

സിനിമയില്‍ മുഖം കാണിക്കാനെത്തുന്ന ഇന്നത്തെ കുട്ടികളില്‍ പലര്‍ക്കുമില്ലാത്ത ഒരു ഗുണമാണത്..!

അതെന്താന്നറിയുമോ.. അതായത് എന്നെ ആകര്‍ഷിച്ചത് സിനിമയുടെ പൈസയല്ല, എന്നെ ആകര്‍ഷിച്ചത് സിനിമയുടെ ഫെയിം ആണോയെന്നെനിക്ക് അറിഞ്ഞൂട. എന്നെ സിനിമ മൊത്തത്തിലാണാകര്‍ഷിച്ചത്. ഞാന്‍ സ്‌നേഹിക്കുന്നതും സിനിമയെയാണ്. അതുകൊണ്ടാണ് ഏത് പ്രതികൂല സാഹചര്യത്തിലും ജോലി ചെയ്യാന്‍ എനിക്ക് കഴിയുന്നത്. ഇന്നത്തെ ന്യൂജെന്‍ പിള്ളേര്‍ക്കും ആ ഗുണമുണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

ന്യൂജറേഷന്‍ സിനിമയെ എങ്ങനെയാണ് കാണുന്നത്? പുതിയ കുട്ടികള്‍, പുതിയ കഥകള്‍, പുതിയ കാഴ്ചപ്പാട്.. എങ്ങനെ നോക്കിക്കാണുന്നു?

വളരെ വ്യത്യസ്തരാണവര്‍. നമ്മള് പണ്ട് വര്‍ക്ക് ചെയ്ത പോലത്തെ ഒരു സിനിമാ സെറ്റപ്പേയല്ല. ഇത് ഭയങ്കര രസാണ്, നൂറില്‍ നൂറ് ശതമാനം പാഷനേറ്റ് ആയ ആള്‍ക്കാരാണ് ഇന്ന് സിനിമയിലുള്ളത്. എനിക്ക് ജീവിതത്തില്‍ ഒരുപാട് തകര്‍ച്ചകളും ഏറ്റക്കുറച്ചിലുകളും ഒക്കെ ഉണ്ടായിട്ടുണ്ട്. ഒരുപാടുകാലം സിനിമ ഇല്ലാതിരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അതില്‍ നിന്നൊക്കെ മനസിന് ഊര്‍ജം തരികയും എങ്ങനെയായിരിക്കണം ഒരു സിനിമാക്കാരന്‍ എന്നെന്നെ പഠിപ്പിക്കുകയും ചെയ്തത് ശരിക്കും ന്യൂജെന്‍ തന്നെയാണ്. എനിക്കവരോട് വല്ല്യ ബഹുമാനമാണ്.

പിന്നെയും ഏറെ നേരം സംസാരിച്ചു. സിനിമയുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളെക്കുറിച്ച്, സിനിമയിലെ സാങ്കേതിക വളര്‍ച്ചയെക്കുറിച്ച്, സ്‌പോട്ട് ഡബ്ബിങിനെക്കുറിച്ച്.. എല്ലാത്തിലും ജയന്‍ ചേര്‍ത്തലയ്ക്ക് കൃത്യമായ വീക്ഷണമുണ്ട്. അദ്ദേഹത്തിന്റെ മേഖലയില്‍ മാത്രമല്ല, സിനിമയെ മൊത്തമായി അദ്ദേഹം പഠിക്കുന്നുണ്ട്. ഏതു മേഖലയില്‍ എന്തു ചെയ്യണമെന്ന് പറഞ്ഞാലും ഒരുകൈ നോക്കാനുള്ള ആത്മവിശ്വാസവും ധൈര്യവുമുണ്ട് ആ മനുഷ്യന്. അഭിനയത്തിനൊപ്പം തന്നെ എഴുത്തിലും ഡബ്ബിങിലും സംവിധാനത്തിലുമെല്ലാം അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുമുണ്ട്.

 

ഇടയ്ക്ക് ഞാന്‍ മറ്റൊന്ന് ചോദിച്ചു.

താങ്കള്‍ നിരവധി വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ്. മലയാളത്തില്‍ നമുക്ക് നിരവധി വില്ലന്മാരുണ്ട്. പക്ഷേ പുതുതലമുറ സിനിമകളില്‍ വില്ലന്മാര്‍ക്ക് പ്രാധാന്യമില്ലാത്ത, വില്ലന്മാര്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെയാകണം പഴയ വില്ലന്മാരെല്ലാം ഇപ്പോള്‍ സപ്പോര്‍ട്ടിങ് റോളിലേക്കും ഹാസ്യകഥാപാത്രങ്ങളിലേക്കുമെല്ലാം മാറിപ്പോകുന്നുണ്ട്. താങ്കള്‍ക്ക് അത്തരമൊരു നിലനില്‍പ്പിന്റെ പ്രശ്‌നം അനുഭവപ്പെട്ടിട്ടുണ്ടോ?

സത്യം പറഞ്ഞാല്‍ ഞാന്‍ അതിനെക്കുറിച്ചൊന്നും ബോധവാനേയല്ലാത്ത ഒരാളാണ്. കാരണം നമ്മള് വില്ലന്‍ ചെയ്യുന്നത് ഒരു വല്ല്യ സംഭവമാണെന്ന് തോന്നിയാലല്ലേ അത് നഷ്ടപ്പെടുമ്പോള്‍ വിഷമിക്കേണ്ട കാര്യമുള്ളൂ. ഞാന്‍ ചിന്തിക്കുന്നത് കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യുന്നതിനെപ്പറ്റി മാത്രമാണ്. ഞാനൊരിക്കലും വേഷത്തിന്റെ ദൈര്‍ഘ്യം നോക്കി സിനിമയെ ഇഷ്ടപ്പെട്ടിട്ടേയില്ല. ബിടെക്ക് എന്ന ചിത്രത്തില്‍ ആസിഫിന്റെ അച്ഛനായിട്ട് ആകെ രണ്ട് സീന്‍ മാത്രമേയുള്ളു. പക്ഷേ ഞാനതാസ്വദിക്കുന്നു. ഞാന്‍ സ്‌നേഹിക്കുന്നത് സിനിമയെയാണ്. പിന്നെ സമൂഹത്തില്‍ വരുന്ന മാറ്റമാണ് സിനിമയിലും പ്രതിഫലിക്കുന്നത്. ഇന്നത്തെ കാലത്ത് പഴയതു പോലെ ഒരു വില്ലനെയൊക്കെ കൊണ്ട് പ്രതിഷ്ഠിച്ചാല്‍ ആളുകള്‍ ആ സിനിമ കാണില്ല. സിനിമ റിയലിസ്റ്റിക് ആകുമ്പോ ഇത്തരം മാറ്റങ്ങള്‍ നമ്മള്‍ അംഗീകരിച്ചേ മതിയാകൂ.

 

ജയന്‍ ചേര്‍ത്തല കുടുംബത്തോടൊപ്പം

നമ്മളെന്നും ഒരു സെയിലബിള്‍ കമ്മോഡിറ്റിയായിരിക്കുക. അങ്ങനെയെങ്കില്‍ മാത്രമേ നമുക്ക് നിലനില്‍പ്പുള്ളൂ. ഏതു മേഖലയിലാണെങ്കിലും നമ്മള്‍ അപ്‌ഡേറ്റഡ് ആയിരിക്കുക. നമ്മള്‍ ഇന്നില്‍ ജീവിക്കുക.  അലാറം സെറ്റ് ചെയ്ത് വെച്ച് ഉറങ്ങാന്‍ കിടക്കുന്നത് നമ്മുടെയൊരു പ്രതീക്ഷയാണ്. ഉറങ്ങിയാല്‍ നാളെ ഉണരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അങ്ങനത്തെ നമ്മള്‍ എന്തിനാണ് മറ്റുള്ളവരോട് വെറുപ്പും വിദ്വേഷവും ഈഗോയും ഒക്കെ വെച്ചുപുലര്‍ത്തുന്നത്. രാവിലെ ഉറക്കമുണരുമ്പോള്‍ ഇന്നലത്തെ സന്തോഷകരമായ ജീവിതത്തെ നന്ദിയോടെ സ്മരിക്കുക. അതാണ് ചെയ്യേണ്ടത്.

വര്‍ത്തമാനം മണിക്കൂറുകള്‍ നീണ്ടു പോയാലും ഇരിക്കാന്‍ ഞാനൊരുക്കമായിരുന്നു. അത്രയേറെ ഹൃദ്യാമായാണ് ആയാള്‍ സംസാരിക്കുന്നത്. വല്ലാത്തൊരു പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നുണ്ട് അവിടെ നിന്നും. പക്ഷേ ജയന് തിരക്കുണ്ട്. നിരവധി സിനിമകളുടെ പ്രൊമോഷന്‍ പരിപാടികള്‍ പുരോഗമിക്കുകയാണ്. കൈപിടിച്ച് കുലുക്കി കാണാമെന്ന് പറഞ്ഞ് അയാള്‍ തിരക്കുകളിലേക്ക് മടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top