Ernakulam

കലൂരില്‍ കെട്ടിടം തകര്‍ന്നുവീണത് നിര്‍മ്മാണത്തിലെ അപാകത; നിര്‍മ്മാണപ്രവര്‍ത്തികളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് വിദഗ്ദസമിതി

കഴിഞ്ഞ ദിവസമാണ് കലൂരില്‍ മെട്രോസ്‌റ്റേഷനു സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നത്. നിര്‍മ്മാണത്തിലുണ്ടായ അപാകതയും ആഴത്തിലുള്ള മണ്ണെടുപ്പുമാണ് കെട്ടിടം ഇടിഞ്ഞുതാഴാനുണ്ടായ കാരണമായി വിദഗ്ദസംഘം കണ്ടെത്തിയിരിക്കുന്നത്. പത്ത് മീറ്റര്‍ ആഴത്തില്‍ അമിതമായി മണ്ണെടുത്തപ്പോള്‍ മറുഭാഗത്ത് നിന്നുണ്ടായ വെള്ളത്തിന്റെ സമ്മര്‍ദംകൊണ്ട് പൈലിങ് തള്ളിപ്പോയി അവ തകര്‍ന്നുവീഴുകയായിരുന്നു.

പ്രമുഖ വസ്ത്രവ്യാപാര ഗ്രൂപ്പായ പോത്തീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഭൂനിരപ്പിന് താഴെ ബേസ്‌മെന്റായി മൂന്ന് നിലകളും മുകളിലേക്ക് എട്ടുനിലകളുമുള്ള കെട്ടിടം നിര്‍മ്മിക്കാനാണ് പോത്തീസ് ഗ്രൂപ്പ് നഗരസഭയില്‍ നിന്ന് അനുമതി തേടിയിട്ടുള്ളത്. അഞ്ഞൂറോളം പൈലുകളാണ് കെട്ടിടത്തിനായി തയ്യാറാക്കുന്നത്. 30 മീറ്റര്‍ ആഴത്തില്‍ പൈലിങ് ചെയ്തതിന് ശേഷം നാല് വശത്തും മതില്‍ പോലെ തൂണുകള്‍ നിര്‍മ്മിച്ചിരുന്നു. ഇതിന്റെ നടുവില്‍ നിന്ന് 10 മീറ്റര്‍ ആഴത്തില്‍ മണ്ണെടുത്ത് ഭൂനിരപ്പിന് താഴെയുള്ള നിലപണിയാനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നത്. അമിത ആഴത്തില്‍ മണ്ണെടുത്തതിനെ തുടര്‍ന്ന്് മണ്ണിടിഞ്ഞ് 30 ഓളം പൈലുകള്‍ തകര്‍ന്നുവീഴുകയും കെട്ടിടം ഇടിഞ്ഞുതാഴുകയുമായിരുന്നു.

പൈലുകള്‍ക്കും ഇവയെ കുറുകെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച ഇരുമ്പ് ബീമുകള്‍ക്കും ആവശ്യമായ അളവില്‍ കമ്പി ഉപയോഗിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. റോഡിലൂടെ വാഹനങ്ങള്‍ ഓടുമ്പോഴുണ്ടാകുന്ന സമ്മര്‍ദവും മെട്രോ റെയില്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന കുലുക്കവും പൈലിങ് തകര്‍ച്ചയ്ക്ക് കാരണമായിരിക്കാനും സാധ്യതയുണ്ട്.

കാരണം എന്തുതന്നെയായാലും കെട്ടിടനിര്‍മ്മാണങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് മെട്രോറെയിലിന്റെ സമീപമുള്ള ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അപകടമുണ്ടായത് രാത്രി ആയതിനാല്‍ വന്‍ദുരന്തം ഒഴിവായി. പകലായിരുന്നെങ്കില്‍ തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ അപകടത്തിലാകുമായിരുന്നു. മാത്രമല്ല കെട്ടിടം പൂര്‍ണ്ണമായി നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചശേഷമാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം വര്‍ദ്ധിക്കുമായിരുന്നുവെന്നും ചിന്തിക്കേണ്ടതുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top