വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയെന്ന് പരിതപിക്കുന്നവര്‍ക്ക് ഒരാശ്വാസം നല്കി പണപ്പെരുപ്പം കുറയുന്നു. മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ 2.47 ശതമാനത്തിലെത്തി. ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പച്ചക്കറികള്‍ക്കും മറ്റ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും വില കുറഞ്ഞതാണ് പണപ്പെരുപ്പ നിരക്ക് കുറയാന്‍ പ്രധാന കാരണം.
ഫെബ്രുവരിയിലെ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2.48 ശതമാനം ആയിരുന്നു. ജനുവരിയിലിത് 3.02 ശതമാനമായിരുന്നു. പച്ചക്കറികളുടെ വില 2.7 ശതമാനമാണ് താഴ്ന്നത്. ഭക്ഷ്യേതരവിഭവങ്ങളുടെ വില 0.3 ശതമാനം കുറഞ്ഞു. പയര്‍, പരിപ്പ് വര്‍ഗങ്ങളുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ധനം, ഊര്‍ജം എന്നിവയുടെ വില 0.1 ശതമാനം കുറഞ്ഞിട്ടുണ്ട്.