കെ.എസ്.ആര്.ടിസിയെ രക്ഷിക്കാന്‍ ലേപന ചികിത്സ പോരായെന്നും ശസ്ത്രക്രിയ തന്നെ വേണമെന്നും ഡി.ജി.പി ടോമിന് ജെ. തച്ചങ്കരി. എന്തു വില കൊടുത്തും കെ.എസ്.ആര്.ടിസിയെ അധിക്ഷേപത്തിന്റെ വഴിയില്‍ നിന്നു മാറ്റി അഭിനന്ദനത്തിന്റെ പാതയിലെത്തിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി. കെ.എസ്.ആര്.ടി.സി. സി.എം.ഡി യായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ തനിക്കൊപ്പം നിന്നാല്‍ ശമ്പളവും പെന്‍ഷനും കൃത്യമായി നല്കുന്ന ബാധ്യത താനേറ്റെടുക്കും. കോര്‍പറേഷനെ രക്ഷപ്പെടുത്തുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. കെ.എസ്.ആര്.ടിസിയുടെ അര സെന്റ് സ്ഥലം പോലും വില്‍ക്കില്ല എന്നും തച്ചങ്കരി വ്യക്തമാക്കി.
കെ.എസ്.ആര്.ടിസി തൊഴിലാളി യൂണിയനുകള്‍ക്ക് തച്ചങ്കരി പരോക്ഷ താക്കീത് നല്കി. നിയമവിരുദ്ധമായ കാര്യം തൊഴിലാളികളും സംഘടനകളും ആവശ്യപ്പെടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയനുകള്‍ക്കൊപ്പം തനിക്ക് കൂട്ടുഭരണത്തിന് താല്പര്യമില്ല. ശരിയായ മാര്‍ഗത്തില്‍ കെഎസ്ആര്‍ടിസിയെ രക്ഷിച്ചെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും തച്ചങ്കരി പറഞ്ഞു.