Home app

‘ കേരളാ ചക്ക ” അന്തര്‍ദേശീയ ബ്രാന്‍ഡാകുമോ ?

അധികമാരും വില കല്‍പ്പിക്കാതിരുന്ന നമ്മുടെ കേരള ചക്ക ഇന്റര്‍ നാഷണല്‍ ബ്രാന്‍ഡായി മാറുമെന്നാണ് കരുതുന്നത്. പ്ലാവും ചക്കയുമൊന്നും മലയാളിക്ക് അടുത്തകാലം വരെ തീരെ താല്‍പര്യമില്ലായിരുന്നു. സീസണ്‍ സമയത്ത് ചക്കയൊരു ശല്യമായിരുന്നു. ചക്കക്ക് നാട്ടില്‍ തീരെ വിലയില്ലാതിരുന്ന കാലത്താണ് മൈക്രോ സോഫ്റ്റില്‍ നിന്ന് ജോലിയുപേക്ഷിച്ച് ചക്കച്ചുള ഒരു വര്‍ഷം വരെ സൂക്ഷിച്ചുവയ്ക്കാവുന്ന പുതിയ സാങ്കേതിക വിദ്യയുമായി ജെയിംസ് ജോസഫ് രംഗത്ത് വരുന്നത്.

ഒരു വര്‍ഷം കേട്കൂടാതെ പച്ച ചക്കച്ചുള സംസ്‌കരിച്ച് വയ്ക്കാവുന്ന ഫ്രീസ് ഡ്രൈഡ് സാങ്കേതിക വിദ്യ അവലംബിച്ച് ജെയിംസ് ചക്ക ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വരെയെത്തിച്ചു. ഇതോടൊപ്പം ചക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാനുള്ള കഴിവ് കൂടിയുണ്ടെന്ന് തെളിഞ്ഞതോടെ 70 ശതമാനം പാഴായി നശിച്ചുകൊണ്ടിരുന്ന ചക്കയ്ക്ക് പ്രത്യേക ഭാഗ്യമുദിച്ചു. ജെയിംസിന്റെ ജാക്ക്ഫ്രൂട്ട് 365 എന്ന ഫ്രീസ് ഡ്രൈഡ് പാക്കറ്റ് ചക്കയ്ക്ക് ഉയര്‍ന്ന വിലയും വരേണ്യ വര്‍ഗക്കാര്‍ക്കിടയില്‍ പ്രത്യേക പദവിയും നേടിക്കൊടുത്തു.

ലോകത്തിലെ ഏറ്റവും വലിയ ഫലമെന്ന നിലയില്‍ ( മൂന്ന് കിലോ മുതല്‍ അഞ്ച് കിലോ വരെ) ചക്ക മുമ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ മധുര വരിക്കച്ചക്ക പോലെയുള്ളവയ്ക്ക് ഇന്ത്യയിലെ പ്രാദേശിക വിപണിയില്‍ ഒട്ടേറെ ആവശ്യക്കാരുമുണ്ടായി. കേരള ചക്കയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ബ്രാന്‍ഡിംഗ് നടത്താനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്നാണ് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ പറയുന്നത്. ഇതിനോടകം തന്നെ ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. പാവപ്പെട്ടവന്റെ പഴമെന്ന നിലയിലാണ് കേരളത്തില്‍ ചക്ക ഇക്കാലമത്രയും അറിയപ്പെട്ടിരുന്നത്. എന്നാല്‍ കേരളത്തിന്റെ ഔദ്യോഗിക പഴമായി ചക്കയെ അടുത്ത കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ചക്കയുടെ ഗരിമ വര്‍ധിപ്പിച്ചു.

ചക്കയുടെ കാലം തെളിയുന്നത് മനസ്സിലാക്കി മാളയ്ക്ക് സമീപം പൂപ്പാത്തിയില്‍ സംസ്ഥാനത്തെ ആദ്യ ചക്ക സംസ്‌കരണ യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പ്രതിദിനം 2000 കിലോ ചക്ക സംസ്‌കരിക്കാന്‍ ഈ യൂണിറ്റിന് ശേഷിയുണ്ട്. ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളായ ചക്ക പള്‍പ്പ്, ഉപ്പേരി, ഹല്‍വ, ചക്കപ്പൊടി എന്നിവയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ കീഴിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ആഗോള ബ്രാന്‍ഡിന്റെ പിന്‍ബലത്തോടെ കേരള ചക്ക നിലവില്‍ വരുന്നതോടെ കേരളത്തില്‍ ചക്ക കൃഷി വ്യാപകമാവും. മനോഹരമായ പാക്കിംഗില്‍ ആകര്‍ഷമായി കേരള ചക്കയിങ്ങനെ വിദേശ വിപണിയില്‍ അന്തസ്സോടെ നിരന്നിരിക്കുന്ന കാഴ്ച കാണാന്‍ ഇനിയധികം താമസമുണ്ടാവില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top