Business

വിപണിയില്‍ നേരിയ ഉണര്‍വ്വ്

ഓഹരിവിപണി           02-04-2018

ഉയിര്‍പ്പ് പെരുന്നാളിന് ശേഷം വന്നെത്തിയ തിങ്കളാഴ്ച ഓഹരിവിപണിയില്‍ ഓഹരികള്‍ക്ക് വില ഉയര്‍ന്നു. സാമ്പത്തിക വര്‍ഷം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യവ്യാപാര നാളില്‍ ഫാര്‍മ്മ, ഓട്ടോ ഓഹരികള്‍ പ്രധാനമായും മുന്നിട്ട് നിന്നു. ലുപിന്‍, അരബിന്ദോ ഫാര്‍മ, സിപ്ല എന്നീ ഫാര്‍മ കമ്പനികളുടെ ഓഹരിവിലയില്‍ 4 മുതല്‍ 5 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി.

ഏപ്രില്‍ മാസത്തോടെ കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ വന്നുതുടങ്ങുന്നതോടെ, മികച്ച കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ വിപണിയില്‍ കടുത്ത മത്സരമുണ്ടാകും. സാങ്കേതിക തിരുത്തലുകള്‍ മുറയ്ക്ക് നടക്കുന്നത് മൂലം ഓഹരികള്‍ ആദായകരമായ വിലയില്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരം നിക്ഷേപകര്‍ പ്രയോജനപ്പെടുത്തിവരികയാണ്.

പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള സാമ്പത്തിക വര്‍ഷമായതിനാല്‍ ഓരോ രാഷ്ട്രീയനീക്കവും വിപണിയെ എങ്ങനെ ബാധിക്കുമെന്ന് പഠിച്ച ശേഷമായിരിക്കും ഓഹരികള്‍ വാങ്ങുവാന്‍ നിക്ഷേപകര്‍ മുന്നിട്ടിറങ്ങുന്നത്. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയനയങ്ങള്‍ കമ്പനികളുടെ മികച്ച പ്രവര്‍ത്തനങ്ങളേക്കാള്‍ പലപ്പോഴും നിര്‍ണ്ണായക സ്വാധീനം ചെലുത്താറുണ്ട്.

വിശാല പ്രതിപക്ഷ സഖ്യത്തിന് മുന്നില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അടിപതറുമോയെന്ന ആശങ്കയും നിക്ഷേപകര്‍ക്കിടയിലുണ്ട്. കടന്നുപോയ വര്‍ഷം സെന്‍സെക്‌സില്‍ 3348.18 പോയിന്റ് വര്‍ധന രേഖപ്പെടുത്തിയെങ്കിലും വാര്‍ഷിക നേട്ടം 11.3 ശതമാനം മാത്രമായിരുന്നു.

അടുത്ത് നടക്കാന്‍ പോകുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. 2019ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അലയൊലികള്‍ വിപണിയുടെ ഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ബാങ്കുകളുടെ വായ്പാ തട്ടിപ്പ് കഥകള്‍ വിപണിയിലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഐഡിബിഐ ബാങ്കിന്റെ മോശം സാമ്പത്തിക പ്രകടനത്തില്‍ ആര്‍ബിഐ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമൂലം ബാങ്കിന്റെ ഓഹരിവിലയില്‍ രണ്ട് ശതമാനം കുറവ് രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് നല്‍കിയ വഴിവിട്ട വായ്പയെപ്പറ്റി സിബിഐ അന്വേഷിക്കുമെന്ന വാര്‍ത്തയും ഓഹരിവിലയില്‍ ആറ് ശതമാനം വിലക്കുറവ് വരുത്തി.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ വ്യാപാരനാളില്‍ മുംബൈ വിലസൂചിക സെന്‍സെക്‌സ് 286.68 പോയിന്റ് വര്‍ധിച്ച് 33,255 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ദേശീയ വിലസൂചിക നിഫ്റ്റി 98 പോയിന്റ് വര്‍ധിച്ച് 10,211 ലാണ് വ്യാപാരമവസാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top