കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ആറാം കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. പതിനാല് വര്‍ഷത്തിന് മുമ്പാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ഇത്തവണ കപ്പ് കേരളത്തിലെത്തിക്കാനുറച്ചാണ് രാഹുല്‍ വി രാജും സംഘവും കളത്തിലിറങ്ങുക.
ശക്തമായ മുന്നേറ്റനിരയും ഗോള്‍ വഴങ്ങാത്ത പ്രതിരോധനിരയുമാണ് കേരളത്തിന്റെ കരുത്ത്. ഇതുവരെയുള്ള മത്സരങ്ങള്‍ പരിശോധിച്ചാല്‍ വലിയ മാര്‍ജിനില്‍ കളികള്‍ ജയിക്കുമ്പോള്‍ തന്നെ ആകെ ഒരു ഗോള്‍ മാത്രമാണ് കേരളം വഴങ്ങിയിരിക്കുന്നത്. ഇതോടൊപ്പം ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗാളിനെയും സെമിയില്‍ കരുത്തരായ മിസോറമിനെയും തകര്‍ക്കാനായത് കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം കണക്കുകള്‍ ബംഗാളിനൊപ്പമാണ്. 32 തവണയാണ് സന്തോഷ് ട്രോഫിയില്‍ ബംഗാള്‍ ചാമ്പ്യന്മാരായത്. സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് ബംഗാള്‍ കടമ്പ കടക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താന്‍ ബംഗാള്‍ ഏന്ത് വിലയും കൊടുക്കും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം നടക്കുക.