ഭാവ്നഗര്‍: ഗുജറാത്തിലെ ഭാവ്നഗറില്‍ കുതിരയെ സ്വന്തമായി വാങ്ങിയതിന് ദലിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തി. തിംബി ഗ്രാമത്തിലെ പ്രദീപ് റാത്തോഡ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര് പിടിയിലായി.
രണ്ട് മാസം മുമ്പാണ് പ്രദീപ് കുതിരയെ വാങ്ങിയത്. അന്ന് മുതല്‍ ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. പ്രദേശത്തെ ഉയര്‍ന്ന ജാതിക്കാരായ രജ്പുത് വിഭാഗത്തില്‍പ്പെട്ട ചിലര്‍ കുതിരയെ ഉടന്‍ വില്‍ക്കണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദീപിന്റെ പിതാവ് കലുഭായ് റാത്തോഡ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം കൃഷിയിടത്തില്‍നിന്ന് തന്റെ കുതിരപ്പുറത്ത് വീട്ടിലേക്കു മടങ്ങുകയായിരുന്ന പ്രദീപിനെ രജ്പുത് വിഭാഗത്തില്‍പ്പെട്ട ഒരുകൂട്ടം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.