‘വാടക ഗര്‍ഭപാത്ര നിയന്ത്രണബില്‍’ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പ്രതിഫലം പറ്റി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനെ പൂര്‍ണമായി നിരോധിക്കുന്ന ബില്‍ അമ്മമാരുടെയും കുട്ടികളുടെയും അവകാശസംരക്ഷണം ഉറപ്പാക്കുന്നതാണ്. ഇതിനായി ദേശീയതലത്തില്‍ വാടക ഗര്‍ഭപാത്ര നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കും. ഭേദഗതിബില്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ബോര്‍ഡ് നിലവില്‍ വരും. ദേശീയ ബോര്‍ഡിനു കീഴില്‍ സംസ്ഥാനങ്ങളിലും ബോര്‍ഡുകളും അതോറിറ്റികളും രൂപവത്കരിക്കണം.
അഞ്ചോ അതില്‍ കൂടുതലോ വര്‍ഷം നിയമപ്രകാരം വിവാഹിതരായി കഴിയുന്ന കുട്ടികളില്ലാത്ത ഇന്ത്യന്‍ ദമ്പതികള്‍ക്കാണ് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കാന്‍ അനുമതി നല്‍കുന്നത്. 2016ലാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ ലളിതമാക്കണമെന്ന് കഴിഞ്ഞവര്‍ഷം പാര്‍ലമെന്ററി സ്ഥിരംസമിതി ശുപാര്‍ശ ചെയ്തിരുന്നു.