Environment

സമരപ്പന്തല്‍ കത്തിക്കാനാകും, നിശ്ചയദാര്‍ഢ്യത്തെ തല്ലിക്കെടുത്താനാവില്ല: വയല്‍ക്കിളികള്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം നാള്‍ക്കുനാള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നത് എന്തുവന്നാലും തടയുമെന്ന നിലപാടിലുറച്ച് നില്‍ക്കുന്ന വയല്‍ക്കിളി പ്രവര്‍ത്തകരുടെ സമരപ്പന്തല്‍ സിപിഎം കത്തിച്ച സംഭവം വരെ കഴിഞ്ഞദിവസമുണ്ടായി. ദേശീയ പാതയ്ക്കായി വയല്‍ അളക്കുന്നതിനെതിരെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ബൈപ്പാസ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് സ്ഥലം അളക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി. സമരപ്പന്തല്‍ കത്തിക്കാന്‍ മാത്രമേ കഴിയൂ, സമരസഖാക്കളുടെ നിശ്ചയദാര്‍ഢ്യത്തെ തല്ലിക്കെടുത്താനാവില്ലെന്ന് കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ ഒന്നടങ്കം പറയുന്നു.

കൃഷി നടക്കുന്ന വയലിന് മദ്ധ്യത്തിലൂടെയാണ് റോഡിന്റെ രൂപരേഖ ഉണ്ടാക്കിയത്. പദ്ധതി പ്രാബല്യത്തില്‍ വരുന്ന പക്ഷം കീഴാറ്റൂര്‍ പ്രദേശത്തെ വയലുകളെല്ലാം പൂര്‍ണമായി നശിക്കപ്പെടുകയും നീര്‍ത്തടങ്ങള്‍ ഇല്ലാതാവുകയും കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. വയല്‍ സംരക്ഷിക്കണമെന്ന നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് വയല്‍ നികത്തിയുള്ള പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. എന്നാല്‍ വയല്‍ക്കിളി കൂട്ടായ്മയുടെ മുന്‍നിരയില്‍ അണിനിരന്നവര്‍ സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെയാണ്. ഇവരെ തീവ്രവാദികളായാണ് പാര്‍ട്ടി കാണൂന്നത്. എട്ടു മാസം മുമ്പ് അന്തിമ സര്‍വേ പൂര്‍ത്തിയാക്കി ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ച് കീഴാറ്റൂര്‍ വയല്‍പ്രദേശത്തു കൂടി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ അഴിമതി ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top