കൊച്ചി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തത്. കേസ് ഈ മാസം 23ന് വിശദമായി പരിഗണിക്കുമെന്നും അതുവരെ അന്വേഷണം സ്റ്റേ ചെയ്യുന്നുവെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കി.
കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. അതിനിടെ അന്വേഷണം സിബിഐക്ക് വിട്ടത് അപക്വമായ നടപടിയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. അതേസമയം സിംഗിള്‍ ബഞ്ച് ഉത്തരവിന് എതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്നു ശുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കേസ് വിശദമായി 23ന് പരിഗണിക്കാം എന്ന് വ്യക്തമാക്കിയ കോടതി സിബിഐ അന്വേഷണം സ്റ്റേ ചെയ്യുകയായിരുന്നു.