കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യപ്രതി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതിയായ ദിലീപിന് കൈമാറില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് ദൃശ്യങ്ങള്‍ തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ കൂടാതെ ഫോണ്‍ രേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് ഉടന്‍ നല്‍കും. കേസിലെ മറ്റ് രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോണ്‍ വിവരങ്ങളും പ്രതികള്‍ക്ക് നേരത്തെ നല്‍കിയിരുന്നു.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണ് ദിലീപിന്റെ വാദം. വിചാരണയ്ക്ക് മുമ്പ് എല്ലാ തെളിവുകളും ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ നടിയുടെ സുരക്ഷയെ അത് ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് അങ്കമാലി കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.