തിരുവനന്തപുരം: അഭയ കേസില്‍ ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് സുപ്രധാന വിധി.
അതേസമയം ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം. രണ്ട് പ്രതികള്‍ക്കെതിരെ സിബിഐ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു.
കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ. കോടതിയില്‍ മാര്‍ച്ച് 14ന് തുടങ്ങും. അഭയ മരണപ്പെട്ട് 25 വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്. 2008 നവംബര്‍ 18ന് കേസിലെ പ്രതികളെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. 2009 ജൂലായ് 17ന് കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ നീണ്ടു.