മൈക്രോഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്റെ മൊഴിയെടുക്കുമെന്ന് വിജിലന്‍സ്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് അച്യുതാനന്ദന്റെ മൊഴിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരുമാസത്തെ സമയവും കോടതി വിജിലന്‍സിന് അനുവദിച്ചിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇതുവരെയും വിജിലന്‍സിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ കുറ്റക്കാരല്ലെങ്കില്‍ അവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുക തന്നെ വേണം. പരാതിക്കാരനായ വി.എസ്.അച്യുതാനന്ദന്റെ കയ്യില്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ വിജിലന്‍സിന് നല്‍കണമെന്നും കോടതി മുന്‍പ് ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നിവയാണ് കുറ്റങ്ങള്‍.