ആലപ്പുഴ : കെ.വി.എം സമരം തീര്‍ക്കാന്‍ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടും ഒത്തുതീര്‍പ്പാക്കാന്‍ മടിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറി സ ജി ചെറിയാന് നേതൃത്വം കൊടുക്കുന്ന ലോബി ആണെന്ന് നഴ്സുമാര്‍ ആരോപിച്ചു. രാഷ്ട്രീയ കൂട്ടുകെട്ടുകളില്ലാതെ സ്വതന്ത്ര ട്രേഡ് യൂണിയനായി വളര്‍ന്നുവരുന്ന ‘ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്’ നടത്തുന്ന സമരം വിജയിച്ചാല്‍, സി.ഐ.ടി.യുവിന് ആലപ്പുഴയില്‍ ക്ഷീണമാകുമെന്നാണ് പല സി.പി എം നേതാക്കളുടേയും വിലയിരുത്തല്‍. അതുകൊണ്ടുതന്നെ യുഎന്‍എ-യെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടും ഭീഷണിപ്പെടുത്തിയുമാണ് ഈ ലോബി മുന്നോട്ട് പോകുന്നതെന്നും നഴ്സുമാര്‍ പറഞ്ഞു. ഇതിനായി കോടികളാണ് മാനേജ്മെന്റ് മുടക്കുന്നതെന്നും നഴ്സുമാര്‍ ആരോപിക്കുന്നു.
സജി ചെറിയാന് നിരവധി തവണ കെവിഎം ഹോസ്പിറ്റലില്‍ എത്തിയിട്ടും, 195 ദിവസമായി നടക്കുന്ന നഴ്സിംഗ് തൊഴിലാളികളുടെ സമരപന്തല്‍ ഒരിക്കല്‍പോലും സന്ദര്‍ശിക്കാതിരുന്നതില്‍ ലോകമെമ്പാടുമുള്ള നഴ്സുമാര്‍ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉയര്‍ത്തിയിരിക്കുന്നത്. സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും സി.പി.എം അനുഭാവികളായിരുന്നിട്ടും, അവരെയെല്ലാം തഴയുന്ന സമീപനമാണ് പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകുന്നതെന്നും നേഴ്സുമാര്‍ പറഞ്ഞു.
കുത്തക മുതലാളിമാരുമായി രഹസ്യ ബന്ധങ്ങള്‍ ഉണ്ടാക്കി, തൊഴിലാളി വര്‍ഗ്ഗത്തെ ഒറ്റുകൊടുക്കുന്ന സജി ചെറിയാനെപ്പോലുള്ള തൊഴിലാളി പാര്‍ട്ടി നേതാക്കളുടെ പൊയ്മുഖം പൊതുജനമദ്ധ്യം വലിച്ചുകീറുവാന്‍, ലോകമെമ്പാടുമുള്ള നഴ്സിങ് തൊഴിലാളികള്‍ തയ്യാറാകണമെന്നും വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഇതിനുള്ള വേദിയാണെന്നും യുഎന്‍ എ ആഹ്വാനം ചെയ്തു.