കൊച്ചി: ജിദ്ദയില്‍ നിന്നും വിമാനമേറി കൊച്ചിയിലെത്തിയ പൂച്ചയ്ക്ക് കസ്റ്റംസ് അനുമതി നിഷേധിച്ചു. കൊച്ചിയിലിറങ്ങാന്‍ അനുമതി നല്കാഞ്ഞതോടെ കൊണ്ടുവന്ന വിമാനക്കമ്പനിയുടെ മടക്കവിമാനത്തില്‍ തന്നെ പൂച്ച തിരികെപ്പോയി. സൗദിയില്‍ താമസക്കാരായ മലയാളി ദമ്പതികളാണ് തങ്ങളുടെ പൂച്ചയെ നാട്ടില്‍ വരും വഴി ഒപ്പം കൂട്ടിയത്. എന്നാല്‍ കൊച്ചി വിമാനത്താവളത്തില്‍ വളര്‍ത്ത് മൃഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുമതിയില്ലാത്തതാണ് കായംകുളം സ്വദേശിയുടെ ഓമനപ്പൂച്ചയ്ക്ക് വിനയായത്.
അനുമതിയില്ലാതെ പൂച്ചയെ കൊച്ചിയിലിറക്കിയതിനൊപ്പം ആവശ്യമായ പേപ്പറുകളും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് വിമാനക്കമ്പനിയില്‍ നിന്നും പിഴ ഈടാക്കി. നിലവില്‍ ഡല്‍ഹി, മുംബെ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ മാത്രമാണ് ഇന്ത്യയില്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരാനുള്ള അനുമതിയുള്ളത്. നിയമവിരുദ്ധമായി കൊണ്ടുവരുന്നത് പിടിക്കപ്പെട്ടാല്‍ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഇത് നിലനില്‍ക്കെയായിരുന്നു യാത്രക്കാരന്റെ ഇത്തരത്തിലൊരു സാഹസം.