മലയാറ്റൂര്‍ കുരിശുപള്ളിയില്‍ വൈദികന് കുത്തേറ്റ് മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി എന്നയാള്‍ക്കായി മലയാറ്റൂര്‍ വനത്തില്‍ തെരച്ചില്‍ നടക്കുകയാണ്. ഇയാളെ മൂന്ന് മാസം മുന്‍പ് കപ്യാര് ചുമതലയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മലമുകളിലേക്കുള്ള യാത്രയ്ക്കിടെ ആറാം സ്ഥലത്ത് വച്ചാണ് ഫാ. സേവ്യറിന് കുത്തേറ്റത്. ഇടതു കാലിലും തുടയിലുമുണ്ടായ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക വിവരം. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.